സ്വാതന്ത്ര്യദിനാഘോഷത്തിനിടെ അമേരിക്കയിൽ കരിമരുന്ന് പൊട്ടിത്തെറിച്ച് യുവതി മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

കാലിഫോർണിയ: അമേരിക്കയിലെ ദക്ഷിണ കാലിഫോർണിയയിൽ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ കരിമരുന്ന് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റ സംഭവത്തിൽ 28-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ലോസ് ആഞ്ചലസിൽ നിന്ന് ഏകദേശം 35 മൈൽ കിഴക്കുള്ള ചീനോ നഗരത്തിൽ ശനിയാഴ്ച രാത്രി സ്വാതന്ത്ര്യദിനാഘോഷത്തിനിടെ അപകടമുണ്ടായത്.

വലിയ തോതിൽ സൂക്ഷിച്ചിരുന്ന കരിമരുന്നിന് തീപിടിച്ചതാണ് വൻ പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊട്ടിത്തെറിയിൽ സമീപത്തുണ്ടായിരുന്ന ഒരു കാറിനും തീപിടിച്ചു. സംഭവസ്ഥലത്തുനിന്ന് തന്നെ 28-കാരനായ ഡെറിയൺ ട്രാഡൺ ജെയിംസ് ജൂനിയറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അശ്രദ്ധ മൂലമുള്ള നരഹത്യ (Involuntary Manslaughter) കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

അപകടത്തിൽ യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു. മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റെങ്കിലും അപകടനില തരണം ചെയ്തു. പരിക്കേറ്റ ഒരു കുട്ടിയെ ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് ചീനോ പൊലീസ് അറിയിച്ചു. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി ഒന്റാറിയോ അഗ്‌നിശമന സേനയുടെ ബോംബ് സ്‌ക്വാഡുമായി ചേർന്ന് അന്വേഷണ സംഘം പ്രവർത്തിക്കുകയാണെന്നും അധികൃതർ പറഞ്ഞു.

Woman dead, 3 hurt in fireworks explosion; man arrested for involuntary manslaughter: Police

More Stories from this section

family-dental
witywide