
ന്യൂയോർക്ക്: ജമൈക്കയിൽ നിന്ന് ന്യൂയോർക്കിലേക്ക് പറന്ന കരീബിയൻ എയർലൈൻസ് വിമാനത്തിൽ വെച്ച് യുവതി പ്രസവിച്ചു. വിമാനം അമേരിക്കൻ തീരത്തോട് അടുക്കുമ്പോഴായിരുന്നു പ്രസവം നടന്നത്. ഇതോടെ കുഞ്ഞിൻ്റെ പൗരത്വം സംബന്ധിച്ച വലിയ ചർച്ചകൾക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്.
വിമാനത്തിൽ വെച്ച് ഒരു യാത്രക്കാരി പ്രസവവേദന അനുഭവിക്കുന്ന വിവരം പൈലറ്റ് ജോൺ എഫ് കെന്നഡി (JFK) എയർപോർട്ടിലെ ട്രാഫിക് കൺട്രോളറെ അറിയിച്ചു. മെഡിക്കൽ സഹായം വേണോ എന്ന് ചോദിച്ച കൺട്രോളർ, തമാശരൂപേണ കുഞ്ഞിന് ‘കെന്നഡി’ എന്ന് പേരിടണമെന്നും നിർദ്ദേശിച്ചു. കൃത്യസമയത്ത് ലാൻഡിംഗ് നടത്തിയതിനാൽ വിമാനത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നില്ല.
പൗരത്വം നിർണ്ണയിക്കുന്നത് എങ്ങനെ?
പ്രശസ്ത ഇമിഗ്രേഷൻ അഭിഭാഷകൻ ബ്രാഡ് ബെർൺസ്റ്റീൻ ഈ വിഷയത്തിലെ നിയമവശങ്ങൾ വിശദീകരിച്ചു. കുഞ്ഞിൻ്റെ പൗരത്വം വിമാനം പ്രസവസമയത്ത് എവിടെയായിരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. പ്രസവം നടന്നത് അമേരിക്കൻ ആകാശപരിധിയിലാണെങ്കിൽ, ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരം കുഞ്ഞിന് സ്വാഭാവികമായും യുഎസ് പൗരത്വം ലഭിക്കും. പ്രസവത്തിന് ഏതാനും മിനിറ്റുകൾക്ക് മുൻപ് വിമാനം അമേരിക്കൻ അതിർത്തിക്ക് പുറത്തായിരുന്നുവെങ്കിൽ കുഞ്ഞിന് അമേരിക്കൻ പൗരത്വം ലഭിക്കില്ല.
പ്രസവം നടന്നത് അന്താരാഷ്ട്ര സമുദ്രത്തിന് മുകളിലാണെങ്കിൽ, മാതാപിതാക്കളുടെ രാജ്യം കുഞ്ഞിന് പൗരത്വം നൽകിയില്ലെങ്കിൽ കുഞ്ഞ് ഒരു രാജ്യത്തിൻ്റെയും പൗരത്വമില്ലാത്ത അവസ്ഥയിലായേക്കാം.
A baby born on a plane to NYC sparks a fascinating legal debate! 🇺🇸✈️🍼 Is the child automatically a U.S. citizen? It all hinges on the plane's exact location at birth. Surprising, right? In rare instances, mid-flight births might lead to statelessness! 😱 pic.twitter.com/DrbTHwNlc1
— Law Offices of Spar & Bernstein (@bradbernstein27) April 5, 2026
വിമാനം ലാൻഡ് ചെയ്തത് ന്യൂയോർക്കിലായതിനാൽ, ജനന സർട്ടിഫിക്കറ്റ് നൽകേണ്ടത് ന്യൂയോർക്ക് അധികൃതരാണ്. എന്നാൽ സർട്ടിഫിക്കറ്റിൽ ജനിച്ച സ്ഥലം വിമാനത്തിലാണെന്ന് രേഖപ്പെടുത്തും. സാധാരണഗതിയിൽ ഗർഭത്തിൻ്റെ നിശ്ചിത കാലയളവ് കഴിഞ്ഞാൽ വിമാനയാത്ര അനുവദിക്കാത്തതിനാൽ ഇത്തരം സംഭവങ്ങൾ വളരെ അപൂർവ്വമാണ്. 1929 നും 2018 നും ഇടയിൽ ലോകത്താകെ 74 പ്രസവങ്ങൾ മാത്രമേ വിമാനങ്ങളിൽ വെച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. യാത്രക്കാരിയുടെ സുരക്ഷ ഉറപ്പാക്കാൻ കൃത്യമായ നടപടികൾ സ്വീകരിച്ച ക്രൂ അംഗങ്ങളെ കരീബിയൻ എയർലൈൻസ് അഭിനന്ദിച്ചു.
Woman gives birth on a flight to New York: Will the baby get American citizenship? Lawyer explains legal complications















