
വാഷിംഗ്ടൺ: കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെ അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന നഗരങ്ങളിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളിലും അസ്വസ്ഥതകളിലും കേന്ദ്ര ഗവൺമെന്റ് ഇടപെടില്ലെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കി. പ്രാദേശിക അധികൃതർ ഔദ്യോഗികമായി സഹായം ആവശ്യപ്പെടുന്നത് വരെ ഒരു ഇടപെടലും വേണ്ടെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന് നിർദേശം നൽകിയതായി ട്രംപ് അറിയിച്ചു.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. “വിവിധ ഡെമോക്രാറ്റ് നഗരങ്ങളിലെ പ്രതിഷേധങ്ങളിലോ കലാപങ്ങളിലോ യാതൊരു സാഹചര്യത്തിലും പങ്കെടുക്കില്ല. അവർ സഹായം ആവശ്യപ്പെടുന്നത് വരെ മാത്രം,” എന്നാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ഫെഡറൽ കെട്ടിടങ്ങൾക്കോ സ്വത്തുക്കൾക്കോ ഭീഷണി ഉണ്ടായാൽ ശക്തമായി പ്രതിരോധിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഐസ് (ICE), ബോർഡർ പട്രോൾ തുടങ്ങിയവർ ഫെഡറൽ സ്വത്തുക്കൾ സംരക്ഷിക്കാൻ കർശനമായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധക്കാർ ഫെഡറൽ ഉദ്യോഗസ്ഥരോട് അക്രമാസക്തമായി പെരുമാറിയാൽ “തുല്യമോ അതിലധികമോ ആയ” പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പരിഹാസരൂപേണ പറഞ്ഞു: “ഞങ്ങൾ ഇടപെട്ടാൽ അവർ പരാതി പറയുക മാത്രമാണ് ചെയ്യുന്നത്. സഹായം വേണമെങ്കിൽ ‘പ്ലീസ്’ എന്ന് പറഞ്ഞ് ആവശ്യപ്പെടണം.” മിനിയാപൊളിസിലെ സംഭവങ്ങൾക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ നിലപാട്. കുടിയേറ്റ നടപടികളുടെ ഭാഗമായി ഫെഡറൽ ഏജന്റുമാർ നടത്തിയ ഓപ്പറേഷനിൽ അലക്സ് പ്രെറ്റി, റെനി ഗുഡ് എന്നിവർ കൊല്ലപ്പെട്ടത് രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായി. ഈ സംഭവങ്ങൾക്കെതിരെ മിനിയാപൊളിസ്, ലോസ് ആഞ്ചലസ്, യൂജീൻ തുടങ്ങിയ നഗരങ്ങളിൽ പ്രതിഷേധങ്ങൾ രൂക്ഷമായിരിക്കുകയാണ്.















