
വാഷിംഗ്ടൺ: അമേരിക്കൻ അറ്റോർണി ജനറൽ പാം ബോണ്ടിയെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥാനത്തുനിന്ന് നീക്കി. വിവാദ വ്യവസായിയും ലൈംഗികക്കടത്ത് കേസ് പ്രതിയുമായിരുന്ന ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്തതിൽ ബോണ്ടിക്ക് വീഴ്ച പറ്റിയെന്ന വിമർശനങ്ങൾക്കിടയിലാണ് ഈ നാടകീയ നീക്കം. ട്രംപിന്റെ രണ്ടാം ഭരണകാലയളവിൽ ഇത്തരത്തിൽ പുറത്താക്കപ്പെടുന്ന രണ്ടാമത്തെ കാബിനറ്റ് ഉദ്യോഗസ്ഥയാണ് ബോണ്ടി.
കഴിഞ്ഞ മാർച്ചിൽ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോമിനെ ട്രംപ് സമാനമായ രീതിയിൽ പുറത്താക്കിയിരുന്നു. നീതിന്യായ വകുപ്പിന്റെ തലപ്പത്ത് ഒരു വർഷത്തോളം നീണ്ട ബോണ്ടിയുടെ സേവനത്തിനാണ് ഇതോടെ അന്ത്യമായത്. ട്രംപ് ലക്ഷ്യമിട്ടിരുന്ന പല രാഷ്ട്രീയ എതിരാളികൾക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുന്നതിൽ ബോണ്ടി പരാജയപ്പെട്ടുവെന്ന് ‘ദി വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്യുന്നു.
യുഎസ് നീതിന്യായ വകുപ്പിൽ വലിയ മാറ്റങ്ങൾക്കാണ് ഈ പുറത്താക്കൽ വഴിതെളിക്കുന്നത്. യുദ്ധവും ആഭ്യന്തര പ്രതിസന്ധികളും നിലനിൽക്കുന്ന ഈ സമയത്ത് പുതിയ അറ്റോർണി ജനറലായി ആരെയാകും ട്രംപ് നാമനിർദ്ദേശം ചെയ്യുകയെന്നത് വാഷിംഗ്ടണിൽ വലിയ ചർച്ചയായിട്ടുണ്ട്.











