‘വർഗീയ പരാമർശത്തിൽ പൊലീസ് കേസെടുക്കണം’, വെള്ളാപ്പള്ളിക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് ഡിജിപിക്ക് പരാതി നൽകി

കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വർഗീയ പരാമർശം ആരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് പരാതി നൽകി. യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുനന്ദയാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി സമർപ്പിച്ചത്. മലബാറിലെയും മലപ്പുറത്തെയും മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ നിരന്തരം വിദ്വേഷ പ്രസ്താവനകൾ നടത്തുന്നുവെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

പരാതിയനുസരിച്ച്, ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനെ തീവ്രവാദി എന്ന് വിളിച്ച് വെള്ളാപ്പള്ളി അധിക്ഷേപിച്ചു. പേര് നോക്കി മതം കണ്ടെത്തി ന്യൂനപക്ഷങ്ങളെ തീവ്രവാദികളാക്കി ചിത്രീകരിക്കുന്ന പ്രസ്താവനകൾ കേരളീയ സമൂഹത്തിൽ ചേരിതിരിവുണ്ടാക്കി കലാപത്തിന് ആഹ്വാനം ചെയ്യുന്നതാണെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടി. സാമുദായിക സ്പർധ വളർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ നിയമനടപടി ആവശ്യമാണെന്നും അവർ ആവശ്യപ്പെട്ടു.

അതിനിടെ, വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾക്കെതിരെ സമസ്ത നേതാവ് സത്താർ പന്തല്ലൂരും രംഗത്തെത്തി. സർക്കാർ ശക്തമായി ഇടപെട്ടാൽ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കാമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെയും സത്താർ വിമർശിച്ചു. ഒരുകാലത്ത് വർഗീയതയെ ശക്തമായി എതിർത്തിരുന്ന മുഖ്യമന്ത്രി ഇപ്പോൾ വെള്ളാപ്പള്ളിയെ പിന്തുണക്കുന്നതെന്തിനെന്ന് അദ്ദേഹം ചോദിച്ചു.

More Stories from this section

family-dental
witywide