
അമ്മാൻ: പശ്ചിമേഷ്യൻ പര്യടനത്തിന്റെ ഭാഗമായി ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡമിർ സെലൻസ്‌കി ജോർദാനിലെത്തി. മേഖലയിലെ സുപ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം, സുരക്ഷാ കാര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് വ്യക്തമാക്കി. ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുമായി ഇതിനകം തന്നെ പ്രതിരോധ കരാറുകളിൽ ഒപ്പിട്ട ശേഷമാണ് സെലൻസ്‌കി ജോർദാനിൽ എത്തിയിരിക്കുന്നത്. സുരക്ഷയാണ് നിലവിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയമെന്നും പങ്കാളിത്ത രാജ്യങ്ങൾ ഇതിനായി ഒന്നിച്ച് നീങ്ങണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
നാല് വർഷമായി തുടരുന്ന റഷ്യൻ അധിനിവേശത്തെ പ്രതിരോധിക്കുന്നതിലൂടെ ഡ്രോൺ യുദ്ധമുറകളിൽ ഉക്രെയ്ൻ കൈവരിച്ച സമാനതകളില്ലാത്ത വൈദഗ്ധ്യമാണ് ഗൾഫ് രാജ്യങ്ങളെ അവരിലേക്ക് ആകർഷിക്കുന്നത്. ഇറാനിയൻ നിർമ്മിത ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ ഗൾഫ് മേഖലയിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഉക്രെയ്നിന്റെ സാങ്കേതിക വിദ്യയും അനുഭവസമ്പത്തും തങ്ങളുടെ പ്രതിരോധത്തിന് മുതൽക്കൂട്ടാകുമെന്നാണ് ഈ രാജ്യങ്ങൾ കണക്കുകൂട്ടുന്നത്. ആധുനിക യുദ്ധതന്ത്രങ്ങൾ പങ്കുവെക്കുന്നതിലൂടെ മേഖലയിലെ സുരക്ഷാ ഭീഷണികൾ നേരിടാനുള്ള സംയുക്ത നീക്കങ്ങൾക്കാണ് ഈ സന്ദർശനം വഴിതുറക്കുന്നത്.














