
ദാവോസ്: റഷ്യൻ അധിനിവേശത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രത്യേക ട്രൈബ്യൂണൽ സ്ഥാപിക്കുന്നതിൽ പുരോഗതിയില്ലാത്തതിനെതിരെ രൂക്ഷവിമർശനവുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള അടച്ചിട്ട മുറിയിലെ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയായിരുന്നു സെലൻസ്‌കിയുടെ ഈ പ്രതികരണം.
“യൂറോപ്പിൽ പലപ്പോഴും നീതിയേക്കാൾ മുൻഗണന മറ്റ് പല കാര്യങ്ങൾക്കുമാണ് നൽകപ്പെടുന്നത്. യുക്രെയ്ൻ ജനതയ്ക്കെതിരായ റഷ്യൻ അധിനിവേശത്തെ വിചാരണ ചെയ്യാൻ ഒരു പ്രത്യേക ട്രൈബ്യൂണൽ രൂപീകരിക്കുന്നതിൽ ഇതുവരെ യഥാർത്ഥ പുരോഗതി ഉണ്ടായിട്ടില്ല,” സെലൻസ്‌കി പറഞ്ഞു. നിരവധി ചർച്ചകൾ നടന്നിട്ടും ഈ ട്രൈബ്യൂണലിനായി ഒരു ആസ്ഥാനം കണ്ടെത്താനോ ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കാനോ പോലും യൂറോപ്പിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന് തടസ്സം നിൽക്കുന്നത് സമയക്കുറവാണോ അതോ രാഷ്ട്രീയ ഇച്ഛാശക്തിയുടെ കുറവാണോ എന്ന് അദ്ദേഹം ലോകനേതാക്കളോട് ചോദിച്ചു.
യുദ്ധാനന്തര യുക്രെയ്‌നിന്റെ സുരക്ഷാ ഗ്യാരണ്ടികൾക്കായി അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ അദ്ദേഹം നന്ദി അറിയിച്ചു. എന്നാൽ യുദ്ധകുറ്റവാളികളെ ശിക്ഷിക്കാനുള്ള നിയമനടപടികൾ വൈകുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളിൽ നീതിപൂർവ്വമായ നിലപാട് വേണമെന്നാണ് യുക്രെയ്‌നിന്റെ ആവശ്യം.














