
മ്യൂണിക്ക്: റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന് യുദ്ധമില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി. മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസിൽ സംസാരിക്കവേയാണ് അദ്ദേഹം പുടിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്. “യുദ്ധം എന്ന ചിന്ത ഉപേക്ഷിക്കാൻ പുടിന് സാധിക്കില്ല. അദ്ദേഹം ഇനിയും പത്ത് വർഷം കൂടി ജീവിച്ചിരുന്നാൽ, യുദ്ധം വീണ്ടും മടങ്ങിവരാനോ അല്ലെങ്കിൽ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കാനോ സാധ്യതയുണ്ട്,” സെലെൻസ്‌കി മുന്നറിയിപ്പ് നൽകി.
യുദ്ധം അവസാനിക്കുന്നതിന് മുമ്പ് തന്നെ യുക്രെയ്ന് കൃത്യമായ സുരക്ഷാ ഉറപ്പുകൾ ആവശ്യമാണെന്നും, ഇതിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും കോൺഗ്രസും തങ്ങളുടെ ശബ്‍ദം കേൾക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പുടിൻ സാധാരണ ജനങ്ങൾക്കിടയിലൂടെ നടക്കാറില്ലെന്നും സാധാരണ കാര്യങ്ങളിൽ അദ്ദേഹത്തിന് താല്പര്യമില്ലെന്നും സെലെൻസ്‌കി പരിഹസിച്ചു. റഷ്യൻ സാമ്രാജ്യത്വത്തിന്റെ ശില്പികളായ പീറ്റർ ചക്രവർത്തിയോടും കാതറിൻ ചക്രവർത്തിനിയും ഉപദേശങ്ങൾ തേടാനാണ് പുടിന് താല്പര്യമെന്നും അദ്ദേഹം ആരോപിച്ചു.
റഷ്യയുടെ വരുമാന സ്രോതസ്സായ എണ്ണക്കടത്ത് നടത്തുന്ന ‘നിഴൽ കപ്പലുകൾക്കെതിരെ’ ശക്തമായ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവരുമായി ചർച്ച നടത്തിയതായും സെലെൻസ്‌കി വെളിപ്പെടുത്തി. റഷ്യൻ മിസൈലുകൾ യുക്രെയ്ൻ നഗരങ്ങളെ തകർക്കുന്ന ദൃശ്യങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സെലെൻസ്‌കിയുടെ പ്രസംഗം. റഷ്യയുടെ എണ്ണക്കപ്പലുകളെ ഫ്രാൻസ് പിടിച്ചെടുക്കുന്ന നടപടിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.














