ഡെന്മാർക്കിന്‍റെ പരമാധികാരത്തെ പിന്തുണച്ച് സെലൻസ്‌കിയും; യൂറോപ്പിന്‍റെ ശബ്‍ദം കേൾക്കാൻ അമേരിക്ക തയ്യാറാകണമെന്ന് ആവശ്യം

കീവ്: ഗ്രീൻലാൻഡ് വിഷയത്തിൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ, ഡെന്മാർക്കിന്‍റെ പരമാധികാരത്തെ പിന്തുണച്ച് യുക്രൈൻ പ്രസിഡന്‍റ് വോളോഡിമർ സെലൻസ്‌കി രംഗത്തെത്തി. ചൊവ്വാഴ്ച മാധ്യമപ്രവർത്തകർക്ക് നൽകിയ സന്ദേശത്തിലാണ് അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കിയത്.
ഗ്രീൻലാൻഡ് ഒരു സ്വയംഭരണ പ്രദേശമാണെങ്കിലും ഡെന്മാർക്കിന്‍റെ ഭാഗമാണെന്ന വസ്തുതയെ താൻ ബഹുമാനിക്കുന്നുവെന്ന് സെലൻസ്‌കി പറഞ്ഞു. ഡെന്മാർക്കിന്റെ പ്രാദേശിക അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കപ്പെടണമെന്നും യൂറോപ്പിന്റെ ശബ്‍ദം കേൾക്കാൻ അമേരിക്ക തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗ്രീൻലാൻഡ് വിഷയത്തിലെ തർക്കങ്ങൾ റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിന്നുള്ള ലോകത്തിന്‍റെ ശ്രദ്ധ തിരിക്കുമോ എന്ന കാര്യത്തിൽ തനിക്ക് ആശങ്കയുണ്ടെന്ന് സെലൻസ്‌കി തുറന്നുപറഞ്ഞു. റഷ്യൻ അധിനിവേശം നേരിടുന്ന ഈ ഘട്ടത്തിൽ ഇത്തരം മറ്റ് അന്താരാഷ്ട്ര തർക്കങ്ങൾ യുക്രൈനെ പ്രതികൂലമായി ബാധിച്ചേക്കാം. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനെ തടയാൻ അമേരിക്കയ്ക്ക് ഇതുവരെ പൂർണ്ണമായി സാധിച്ചിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുക്രൈന്‍റെ നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ കൂടുതൽ കരുത്തുറ്റ വ്യോമ പ്രതിരോധ സംവിധാനങ്ങളും സുരക്ഷാ ഉറപ്പുകളും കടുത്ത ഉപരോധങ്ങളും വൈറ്റ് ഹൗസിൽ നിന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

യുക്രൈനെ സഹായിക്കാൻ അമേരിക്കയ്ക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും തങ്ങൾ അത് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. “നമുക്ക് അതിജീവിക്കണം, നമ്മുടെ സ്വാതന്ത്ര്യത്തിനായി പോരാടണം. ഈ പോരാട്ടത്തിൽ ലഭിക്കാവുന്ന എല്ലാ സഹായവും ഞങ്ങൾക്ക് ആവശ്യമാണ്,” സെലൻസ്‌കി കൂട്ടിച്ചേർത്തു. ഗ്രീൻലാൻഡിനെ സ്വന്തമാക്കാനുള്ള പ്രസിഡന്റ് ട്രംപിന്‍റെ നീക്കങ്ങൾക്കെതിരെ യൂറോപ്യൻ നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും ശക്തമായി പ്രതിഷേധിക്കുന്നതിനിടയിലാണ് സെലൻസ്‌കിയുടെ ഈ പ്രതികരണം വന്നിരിക്കുന്നത്.

More Stories from this section

family-dental
witywide