സിനഗോഗിന് മുന്നിൽ ഹമാസ് അനുകൂല മുദ്രാവാക്യം; പ്രതിഷേധത്തെ അപലപിച്ച് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി

ന്യൂയോർക്ക് സിറ്റി: ക്വീൻസിലെ ക്യൂ ഗാർഡൻ ഹിൽസിലുള്ള സിനഗോഗിന് മുന്നിൽ വ്യാഴാഴ്ച രാത്രി നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസ് അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി കർശനമായി അപലപിച്ചു. ഭീകര സംഘടനകളെ പിന്തുണയ്ക്കുന്ന തരത്തിലുള്ള ഇത്തരം മുദ്രാവാക്യങ്ങൾക്ക് ന്യൂയോർക്ക് നഗരത്തിൽ സ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്രായേൽ റിയൽ എസ്റ്റേറ്റ് വിൽപനയുമായി ബന്ധപ്പെട്ട് സിനഗോഗിൽ നടന്ന പരിപാടിക്കെതിരെ ‘പാലസ്തീനിയൻ അസംബ്ലി ഫോർ ലിബറേഷൻ’ ആണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ഇതിനിടെ ഒരു വിഭാഗം പ്രതിഷേധക്കാർ “ഞങ്ങൾ ഇവിടെ ഹമാസിനെ പിന്തുണയ്ക്കുന്നു” എന്ന് മുദ്രാവാക്യം വിളിച്ചതായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. പ്രതിഷേധക്കാർ ഹമാസിനെ അനുകൂലിച്ചപ്പോൾ, മറുഭാഗത്ത് ഇസ്രായേൽ അനുകൂലികൾ വംശീയ അധിക്ഷേപങ്ങളും ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരായ പരാമർശങ്ങളും നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

പ്രതിഷേധത്തിനിടെയുണ്ടായ ഭാഷയും പെരുമാറ്റവും തെറ്റാണെന്ന് മേയർ മംദാനി പ്രസ്താവനയിൽ പറഞ്ഞു. ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നവരുടെയും പുറത്തുവരുന്നവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശവും സംരക്ഷിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹമാസിനെ പ്രത്യേകം പേരെടുത്ത് അപലപിച്ചില്ല എന്ന കാരണത്താൽ ആദ്യഘട്ടത്തിൽ മേയർക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ശനിയാഴ്ച പുലർച്ചെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ “ഭീകര സംഘടനയെ പിന്തുണയ്ക്കുന്ന മുദ്രാവാക്യങ്ങൾക്ക് നമ്മുടെ നഗരത്തിൽ സ്ഥാനമില്ല” എന്ന് അദ്ദേഹം വ്യക്തമാക്കി.

More Stories from this section

family-dental
witywide