
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മേയറായി അധികാരമേറ്റെടുത്ത ശേഷം സൊഹ്‌റാൻ മംദാനി നേരിടുന്ന ആദ്യത്തെ വലിയ പരീക്ഷണമായി മാറുകയാണ് ഈ വാരാന്ത്യത്തിലെ കനത്ത മഞ്ഞുവീഴ്ച. ന്യൂയോർക്കിലെ 9 ലക്ഷത്തോളം വരുന്ന പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച അവധി നൽകണോ അതോ ക്ലാസുകൾ ഓൺലൈനായി നടത്തണോ എന്നതുൾപ്പെടെയുള്ള നിർണ്ണായക തീരുമാനങ്ങൾ എടുക്കേണ്ട ഘട്ടത്തിലാണിപ്പോൾ അദ്ദേഹം.
34 വയസ്സുകാരനായ സൊഹ്‌റാൻ മംദാനി ഇക്കഴിഞ്ഞ ജനുവരി ഒന്നിനാണ് ന്യൂയോർക്കിന്റെ മേയറായി സത്യപ്രതിജ്ഞ ചെയ്തത്.
ഭരണപരിചയം കുറവാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കിടെയാണ് ഇത്രയും വലിയൊരു പ്രകൃതിക്ഷോഭത്തെ അദ്ദേഹത്തിന് നേരിടേണ്ടി വരുന്നത്. തിങ്കളാഴ്ച സ്കൂളുകൾക്ക് പരമ്പരാഗതമായ ‘സ്നോ ഡേ’ നൽകില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പകരം ക്ലാസുകൾ ഓൺലൈനായി നടത്താനാണ് സാധ്യത. എന്നാൽ മഞ്ഞുവീഴ്ച കുറവാണെങ്കിൽ സ്കൂളുകൾ സാധാരണ പോലെ പ്രവർത്തിക്കും. ഞായറാഴ്ചയോടെ ഇതിൽ അന്തിമ തീരുമാനമുണ്ടാകും.
ശനിയാഴ്ച മുതൽ 2,000-ത്തോളം ശുചീകരണ തൊഴിലാളികൾ 12 മണിക്കൂർ ഷിഫ്റ്റുകളിൽ ജോലി ചെയ്യും. ഏകദേശം 700 ഉപ്പ് വിതറുന്ന യന്ത്രങ്ങളും 2,200 മഞ്ഞുമാറ്റുന്ന യന്ത്രങ്ങളും നഗരത്തിൽ സജ്ജമാക്കിയിട്ടുണ്ട്. ന്യൂയോർക്ക് സിറ്റിയുടെ ചരിത്രത്തിൽ പല മേയർമാരുടെയും രാഷ്ട്രീയ ഭാവി തീരുമാനിച്ചിട്ടുള്ളത് ഇത്തരം മഞ്ഞുവീഴ്ചകൾ കൈകാര്യം ചെയ്ത രീതിയാണ്. 1969-ൽ ജോൺ ലിൻഡ്സെയും 2010-ൽ മൈക്കൽ ബ്ലൂംബെർഗും മഞ്ഞുമാറ്റുന്നതിലെ വീഴ്ചയുടെ പേരിൽ വലിയ ജനരോഷം നേരിട്ടിരുന്നു. അതുകൊണ്ട് തന്നെ, രാജ്യത്തെ ഏറ്റവും വലിയ നഗരം ഭരിക്കാനുള്ള പ്രാപ്തി തനിക്കുണ്ടെന്ന് തെളിയിക്കാനുള്ള അവസരമായാണ് മംദാനി ഇതിനെ കാണുന്നത്.













