ഭിന്നശേഷി കുട്ടികള്‍ക്കായി കാസര്‍ഗോഡ് ഒരുക്കുന്ന പുനരധിവാസകേന്ദ്രത്തിന്റെ പ്രചാരണാര്‍ത്ഥം അമേരിക്കയിലെ മേരിലാന്റില്‍ എത്തിയ മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന് മേരിലാന്റ് മലയാളികള്‍ ഹൃദ്യമായ സ്വീകരണം നല്‍കി. ഭിന്നശേഷി കുട്ടികള്‍ക്കായി കഴിഞ്ഞ വര്‍ഷം പ്രവാസികളില്‍ പലരും നല്‍കിയ സഹായങ്ങള്‍ക്ക് നേരില്‍ കണ്ട് നന്ദി പറയുന്നതിനും ഒപ്പം കാസര്‍ഗോഡ് ആരംഭിക്കുന്ന പുതിയ സംരംഭത്തിലേക്ക് ഓരോരുത്തരുടെയും സഹായം ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുവാനുമായാണ് ഗോപിനാഥ് മുതുകാട് സെപ്റ്റംബര്‍ 15ന് മേരിലാന്റിലേക്ക് എത്തിയത്.
45ഓളം നിര്‍ധനരായ നഴ്സിംഗ് വിദ്യാര്‍ത്ഥികളെ ഏറ്റെടുത്ത് പഠിപ്പിക്കുന്ന, ഡോ. ഷീബ പടനിലത്തിന്റെ സ്മരണയ്ക്കായി പ്രവര്‍ത്തിക്കുന്ന ബാള്‍ട്ടിമോറിലെ മേഴ്സിഫുള്‍ ചാരിറ്റിയുടേയും ജോയി പാരിക്കാപ്പള്ളിയുടേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘എംപവറിങ്ങ് വിത്ത് ലവ്’ എന്ന പ്രോഗ്രാമില്‍ ഗോപിനാഥ് മുതുകാട് പങ്കെടുത്തു. മുതുകാടിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും അദ്ദേഹം ഏറ്റെടുത്തിരിക്കുന്ന പ്രൊജക്ടിനായി ഫണ്ട് സമാഹരിക്കുകയും ചെയ്തുവെന്നും പരിപാടിയില്‍ സംബന്ധിക്കുകയും പ്രോഗ്രാം വന്‍ വിജയമാക്കിത്തീര്‍ക്കുകയും ചെയ്ത എല്ലാ മലയാളികള്‍ക്കും നന്ദി പറയുന്നുവെന്നും സംഘാടകനായ ജോയി പാരിക്കാപ്പള്ളി പറഞ്ഞു.
ഭിന്നശേഷി മൂലം സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന നൂറുകണക്കിന് കുരുന്നുകളുടെ കൈത്താങ്ങായി മാറിയ പ്രൊഫ. ഗോപിനാഥ് മുതുകാടിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ചാരിറ്റിയുടെ പേരില്‍ നിരവധി തട്ടിപ്പുകള്‍ നടക്കുന്ന ഈ കാലഘട്ടത്തില്‍ നൂറു ശതമാനം സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന മുതുകാടിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി ബോധ്യപ്പെട്ടത് കൊണ്ട് മാത്രമാണ് തങ്ങളിതിന്റെ ഭാഗമായതെന്നും ജോയി പാരിക്കാപ്പള്ളി പറഞ്ഞു. മേഴ്സിഫുള്‍ ചാരിറ്റിയുടെ ഡയറക്ടര്‍ ജോസ് പറനിലം പ്രോഗ്രാമില്‍ സംബന്ധിച്ചു.
ഡിഫറന്റ് ആര്‍ട് സെന്റര്‍ അഡൈ്വസറി ബോര്‍ഡ് അംഗമായ പോള്‍ കറുകപ്പളളിലാണ് കാസര്‍ഗോഡ് പദ്ധതിയുടെ പ്രചരണാര്‍ത്ഥമുള്ള മുതുകാടിന്റെ അമേരിക്കന്‍ പര്യടനത്തിന് ചുക്കാന്‍ പിടിക്കുന്നത്. ആയിരത്തില്‍പ്പരം ഭിന്നശേഷിക്കുട്ടികള്‍ക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള അതിവിപുലമായ പുനരധിവാസകേന്ദ്രമാണ് കാസര്‍ഗോഡ് ഒരുക്കുന്നത്. കാസര്‍ഗോഡ് ഇത്തരമൊരു പ്രോജക്ട് നടപ്പിലാക്കുന്നതോടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം മലബാര്‍ മേഖലയിലെ നിരവധി കുട്ടികള്‍ക്ക് ആശ്രയമാകും. ഇരുപത് ഏക്കറിലാണ് സെന്റര്‍ നിര്‍മിക്കുന്നത്.