ന്യൂ ഡെല്‍ഹി: ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റ് സംവരണം ഉറപ്പാക്കുന്നതിനുള്ള വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. അതേസമയം മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള പതിവ് ബ്രീഫിംഗ് ഒഴിവാക്കിയ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.
പാര്‍ലമെന്റിന്റെ ഈ പ്രത്യേക സമ്മേളനത്തില്‍ ചരിത്രപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ പറഞ്ഞിരുന്നതിനാല്‍ യോഗതീരുമാനങ്ങള്‍ എന്തായിരിക്കുമെന്ന ആകാംഷ എല്ലാവര്‍ക്കുമുണ്ടായിരുന്നു. വനിതാ സംവരണ ബില്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്ന് ഊഹങ്ങളുണ്ടായിരുന്നു. ഇതിന് മുന്നോടിയായി നിരവധി പ്രധാന യോഗങ്ങള്‍ നടന്നിരുന്നു. വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലും പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും യോഗത്തില്‍ പങ്കെടുത്തിരുന്നു.
പാര്‍ലമെന്റ് സമ്മേളനത്തില്‍ നിരവധി വിഷയങ്ങള്‍ ഉന്നയിക്കപ്പെടുന്നതില്‍ വനിതാ സംവരണ ബില്‍, ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് അല്ലെങ്കില്‍ രാജ്യത്തിന്റെ പേര് ഭാരത് എന്ന് പുനര്‍നാമകരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം എന്നിവ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. മന്ത്രിസഭാ യോഗത്തിനു ശേഷം ഇതുസംബന്ധിച്ച് വ്യക്തത വരുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. എന്നാല്‍ പതിവ് ബ്രീഫിംഗ് സര്‍ക്കാര്‍ ഒഴിവാക്കിയതോടെ സസ്‌പെന്‍സ് തുടരുകയാണ്.