വനിതാ സംവരണ ബില്‍: പതിറ്റാണ്ടുകളുടെ ചരിത്രം ചര്‍ച്ചയാകുമ്പോള്‍

ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ പുതിയ അധ്യായത്തിന് തുടക്കമിട്ട് പുതിയ പാര്‍ലമെന്റ് മന്ദിരം തുറന്നപ്പോള്‍ അവതരിപ്പിച്ച ആദ്യ ബില്ലായിരിക്കുകയാണ് വനിതാ സംവരണ ബില്‍. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ആണ് ബില്‍ അവതരിപ്പിച്ചത്. നാരിശക്തന്‍ വന്ദന്‍ എന്ന പേരില്‍ അവതിരിപ്പിച്ച ബില്‍ അനുസരിച്ച് ലോക്സഭയിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണമാണ് ലക്ഷ്യം. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യും.

പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചതോടെ ഇതു സംബന്ധിച്ച ചൂടുപിടിച്ച ചര്‍ച്ചകളാണ് ഇപ്പോള്‍ രാജ്യമെങ്ങും നടക്കുന്നത്. സ്ത്രീശാക്തീകരണത്തിന്റെ മഹത്വവും ശക്തിയും ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം വനിതകള്‍ക്കായി 33 ശതമാനം സംവരണമേര്‍പ്പെടുത്തുന്നതിലുള്ള മുറുമുറുപ്പുകളും പലയിടത്തുനിന്നും ഉയരുന്നുണ്ട്. സ്ത്രീകള്‍ക്ക് സംവരണമേര്‍പ്പെടുത്തുന്നതോടെ ഭരണമികവ് കാണിച്ച പല സ്ത്രീകളെയും പൊതുതെരഞ്ഞെടുപ്പില്‍ മാറ്റിനിര്‍ത്തുന്ന പ്രവര്‍ണത രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും അവസാനിപ്പിക്കേണ്ടിവരും.

ഒട്ടേറെ മേഖലകളില്‍ ഇന്ത്യ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ സാന്നിധ്യം വളരെ കുറവാണ്. ലോകസഭയിലെ ആകെ സീറ്റുകളില്‍ 15 ശതമാനം മാത്രമാണ് സ്ത്രീകളുള്ളത്. ഇതിന് പുറമെ കേരളമടക്കം ഒട്ടേറെ സംസ്ഥാനങ്ങളില്‍ സ്ത്രീ പ്രാതിനിധ്യം പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ്.

എന്താണ് വനിതാ സംവരണ ബില്‍?

ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആകെയുള്ള സീറ്റുകളില്‍ മൂന്നില്‍ ഒരു ഭാഗം സ്ത്രീകള്‍ക്കായി സംവരണം ചെയ്യുന്നതാണ് വനിതാസംവരണ ബില്‍. 1996 മുതല്‍ പലവട്ടം ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ച വിഷയമായെങ്കിലും ബില്‍ ഇതുവരെ പാര്‍ലമെന്റ് കടന്നിരുന്നില്ല. ചരിത്രം പരിശോധിക്കുകയാണെങ്കില്‍ 1974-ല്‍ ഇന്ത്യയിലെ വനിതകളുടെ അവസ്ഥ പഠിക്കാന്‍ വിദ്യാഭ്യാസ-സാമൂഹിക ക്ഷേമ മന്ത്രാലയം നിയോഗിച്ച സമിതി സമര്‍പ്പിച്ച് റിപ്പോര്‍ട്ടിലാണ് വനിതാ പ്രാതിനിധ്യം സംബന്ധിച്ച ആദ്യ പരാമര്‍ശമുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതകള്‍ക്കു നിശ്ചിത ശതമാനം സീറ്റ് സംവരണം ചെയ്യണമെന്നു ഈ സമിതി ശുപാര്‍ശ ചെയ്തു. 1993-ല്‍ ഭരണഘടനയുടെ 73,74 വകുപ്പുകള്‍ ഭേദഗതി ചെയ്ത് തദ്ദേശ സ്ഥാപനങ്ങളിലെ മൂന്നിലൊന്ന് സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്തു. 1996 സെപ്റ്റംബര്‍ 12-ന് എച്ച്.ഡി. ദേവഗൗഡ സര്‍ക്കാര്‍ 81-ആം ഭരണഘടന ഭേദഗതിയായി വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഈ ബില്‍ സി.പി.ഐ. എം.പി. ഗീത മുഖര്‍ജി അദ്ധ്യക്ഷയായുള്ള സംയുക്ത പാര്‍ലമെന്ററി സമിതിക്കു വിട്ടു.

1996 ഡിസംബര്‍ 9-ന് പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് ലോകസഭയില്‍ അവതരിപ്പിച്ചു. 1998 ജൂണ്‍ 4-ന് എന്‍.ഡി.എ. യുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 84-ആം ഭരണഘടനാ ഭേദഗതിയായി വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഏറെ വൈകാതെ എന്‍.ഡി.എ. നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ന്യൂനപക്ഷമാകുകയും സര്‍ക്കാര്‍ പിരിച്ചു വിടുകയും ചെയ്തു. 1999 നവംബര്‍ 22-ന് എന്‍.ഡി.എ. സര്‍ക്കാര്‍ ബില്‍ വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. സമവായമുണ്ടാകാത്തതിനെത്തുടര്‍ന്ന് 2002-ലും 2003-ലും ബില്‍ അവതരിപ്പിച്ചു. ഈ രണ്ടു തവണയും ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടു.

2004 മേയില്‍ യു,പി.എ.യുടെ പൊതു മിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്തിയ വനിതാസംവരണ ബില്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തി. 2008 മേയ് 6-ന് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് നിയമ-നീതികാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയുടെ പരിഗണനക്കു വിട്ടു. 2009 ഡിസംബര്‍ 17-ന് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ രണ്ടു സഭകളിലും വെച്ചു. സമാജ്വാദി പാര്‍ട്ടി, ജെ.ഡി. (യു), ആര്‍.ജെ.ഡി. എന്നീ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തു വന്നു. 2010 ഫെബ്രുവരി 22 ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നു രാഷ്ട്രപതി പ്രതിഭാ പാട്ടില്‍ വ്യക്തമാക്കി.

2010 ഫെബ്രുവരി 25 കേന്ദ്രമന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കുന്നു. 2010 മാര്‍ച്ച് 8-ന് അന്തര്‍ദേശീയ വനിതാ ദിനത്തില്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബഹളത്തെത്തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റി വെച്ചു.എസ്.പി., ആര്‍.ജെ.ഡി. എന്നീ പാര്‍ട്ടികള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചു. 2010 മാര്‍ച്ച് 9-ന് ബില്‍ രാജ്യസഭ യില്‍ വോട്ടെടുപ്പിനിട്ടു. ഒന്നിനെതിരെ 186- വോട്ടുകള്‍ക്ക് ബില്‍ രാജ്യസഭ പാസാക്കി. 2010ല്‍ രാജ്യസഭ പാസാക്കിയ ബില്‍ അതുകഴിഞ്ഞ് 13 വര്‍ഷമായിട്ടും ലോക്സഭയില്‍ എത്തിയില്ല. വിവിധ പാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പാണ് ബില്ലിനു വിലങ്ങുതടിയായത്.

നീണ്ട 13 വര്‍ഷങ്ങള്‍ക്കു ശേഷം ഒടുവില്‍ 2023ല്‍ ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്നു സീറ്റ് സ്ത്രീകള്‍ക്കു സംവരണം ചെയ്യാന്‍ നിര്‍ദേശിക്കുന്ന വനിതാ സംവരണ ബില്‍ കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ സിങ് മേഘ്വാള്‍ ലോക്സഭയില്‍ അവതരിപ്പിച്ചതോടെ കാലങ്ങളായി ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ച വിഷയമായ ഒരു പ്രശ്‌നത്തിന് പരിഹാരമാവുകയാണ്. വനിതാ സംവരണ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ ലോക്സഭയിലെ വനിതകളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാവും. നിലവില്‍ 82 അംഗങ്ങളാണ് സഭയിലുള്ളത്.

നിലവില്‍ രാജ്യസഭയില്‍ എസ് സി, എസ്ടി വിഭാഗങ്ങള്‍ക്കായി സീറ്റുകള്‍ സംവരണം ചെയ്തിട്ടില്ല. ഇവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ വോട്ടിംങ് സംവിധാനം മാറ്റണമെങ്കില്‍ ഭരണഘടനാ ഭേദഗതി നടത്തേണ്ടി വരും. മണ്ഡല പുനര്‍ നിര്‍ണയം പൂര്‍ത്തിയായതിനു ശേഷമേ വനിതാ സംവരണം പ്രാബല്യത്തില്‍ വരൂ. പതിനഞ്ചു വര്‍ഷത്തേക്കു സംവരണം തുടരാനാണ് ബില്ലിലെ വ്യവസ്ഥ. മണ്ഡല പുനര്‍ നിര്‍ണയം പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പാവാനിടയില്ല.