ഹരിയാനയിലെ 50 പഞ്ചായത്തുകളിൽ മുസ്ലീം വ്യാപാരികൾക്ക് പ്രവേശനം വിലക്കി

ഗുർഗാവ്: ജൂലായ് 31-ന് നുഹിലെ സംഘർഷത്തിനും തെക്കൻ ഹരിയാനയിലെ മറ്റ് ഭാഗങ്ങളിൽ വർഗീയ സംഘർഷത്തിനും ശേഷം, രേവാരി, മഹേന്ദർഗഡ്, ഝജ്ജർ എന്നീ മൂന്ന് ജില്ലകളിലെ 50-ലധികം പഞ്ചായത്തുകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുസ്ലീം വ്യാപാരികളുടെ പ്രവേശനം വിലക്കിക്കൊണ്ട് കത്തുകൾ നൽകി.

ഗ്രാമങ്ങളിൽ താമസിക്കുന്ന മുസ്ലീം സമുദായത്തിൽ നിന്നുള്ളവർ തങ്ങളുടെ തിരിച്ചറിയൽ രേഖകൾ പൊലീസിൽ സമർപ്പിക്കണമെന്നും സർപഞ്ച് ഒപ്പിട്ട കത്തിൽ പറയുന്നു. ആരുടെയും മതവികാരത്തെ വ്രണപ്പെടുത്താൻ താത്പര്യപ്പെടുന്നില്ലെന്ന് കത്തിൽ പറയുന്നു.

മൂന്നോ നാലോ തലമുറകളായി ജീവിക്കുന്ന ഏതാനും കുടുംബങ്ങൾ ഒഴികെ, മിക്ക ഗ്രാമങ്ങളിലും മുസ്ലീം സമുദായത്തിൽ നിന്നുള്ള താമസക്കാരില്ല.

കത്തുകളുടെ പകർപ്പുകൾ തനിക്ക് ലഭിച്ചിട്ടില്ലെന്നും എന്നാൽ അവ സോഷ്യൽ മീഡിയയിൽ കണ്ടതായും എല്ലാ പഞ്ചായത്തുകൾക്കും കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ ബ്ലോക്ക് ഓഫീസർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നർനൗൾ (മഹേന്ദർഗഡ്) സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് മനോജ് കുമാർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

“ഇത്തരം കത്തുകൾ നൽകുന്നത് നിയമ വിരുദ്ധമാണ്, പഞ്ചായത്തുകളിൽ നിന്ന് ഇത്തരമൊരു കത്ത് ലഭിച്ചിട്ടില്ലെങ്കിലും, മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ഞാൻ ഇക്കാര്യം അറിഞ്ഞു. ന്യൂനപക്ഷ സമുദായം ഈ ഗ്രാമങ്ങളിലെ ജനസംഖ്യയുടെ 2% പോലും വരുന്നില്ല. എല്ലാവരും യോജിപ്പിലാണ് ജീവിക്കുന്നത്. ഇത്തരം അറിയിപ്പുകൾ ആ ഐക്യത്തെ തകർക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

നൂഹിലെ സംഘർഷമാണ് ഇങ്ങനെയൊരു കത്ത് നൽകാൻ തന്നെ പ്രേരിപ്പിച്ചതെന്ന് സൈദ്പൂർ സർപഞ്ച് വികാസ് പറഞ്ഞു.

“ഞങ്ങളുടെ ഗ്രാമങ്ങളിലേക്ക് പുറത്തുനിന്നുള്ളവർ വരാൻ തുടങ്ങിയതിൽ പിന്നെയാണ് ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ നടക്കാൻ തുടങ്ങിയത്. സംഘർഷം നടന്നതിന് തൊട്ടുപിന്നാലെ ഓഗസ്റ്റ് ഒന്നാം തിയതി പഞ്ചായത്ത് കൂടുകയും, പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു.”

എന്നാൽ മതത്തിന്റെ പേരിൽ ഒരു വിഭാഗത്തെ മാറ്റിനിർത്തുന്നത് നിയമവിരുദ്ധമാണെന്ന് തന്റെ നിയമോപദേഷ്ഠാവ് പറഞ്ഞതിന് തുടർന്ന് കത്തുകൾ പിൻവലിച്ചിരുന്നുവെന്നും എങ്ങനെയാണ് ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതെന്ന് അറിയില്ലെന്നും വികാസ് വ്യക്തമാക്കി.

More Stories from this section

family-dental
witywide