ഇനി മീരയ്ക്ക് കൂട്ടായി ശ്രീജു; മീര നന്ദൻ വിവാഹിതയാകുന്നു

നടി മീര നന്ദന്‍ വിവാഹിതയാകുന്നു. ശ്രീജുവാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. മീര നന്ദന്‍ തന്നെയാണ് നിശ്ചയം കഴിഞ്ഞ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

അവതാരകയായി വന്നു മലയാള സിനിമയിൽ മുൻ നിര നായികമാരിൽ ഒരാളായി മാറിയ നടിയാണ് മീര നന്ദൻ. 32 കാരിയായ മീര വിവാഹം കഴിക്കാഞ്ഞതിനെക്കുറിച്ചുള്ള ചർച്ചകൾ സിനിമ പ്രേമികൾക്കിടയിൽ സജീവമായിരുന്നു. അവർ എപ്പോൾ കണ്ടാലും വിവാഹമായില്ലേ എന്ന നിരന്തര ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേ ഇരുന്നു. അപ്പോഴെല്ലാം വിവാഹം അതിന്റെ സമയം ആകുമ്പോൾ നടക്കും എന്ന മറുപടിയാണ് താരം നൽകിയത്. ഇപ്പോൾ ആ ചോദ്യത്തിനുളള മറുപടി ആയിരിക്കുകയാണ്.

ലണ്ടനിൽ ജോലി ചെയ്യുകയാണ് മീരയുടെ പ്രതിശ്രുത വരൻ ശ്രീജു. ചടങ്ങിന്‍റെ ഫൊട്ടോഗ്രഫി നിര്‍വഹിച്ച ലൈറ്റ്സ് ഓണ്‍ ക്രിയേഷന്‍സിന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ വിവാഹത്തിലേക്ക് എത്തിപ്പെട്ട ഇരുവരുടെയും പരിചയത്തെക്കുറിച്ച് കുറിച്ചിട്ടുണ്ട്. മാട്രിമോണിയല്‍ സൈറ്റില്‍ നിന്നാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഇരുകുടുംബവും പരസ്പരം സംസാരിച്ചതിന് ശേഷം മീരയെ കാണാനായി ശ്രീജു ലണ്ടനില്‍ നിന്ന് ദുബായില്‍ എത്തുകയായിരുന്നു.

‘‘ഒരു മാട്രിമോണിയൽ സൈറ്റിൽ നിന്നാണ് ജീവിതകാലത്തേക്കുള്ള ഒരു വാഗ്ദാനത്തിലേക്ക് മീരയും ശ്രീജുവും എത്തിയത്. മാതാപിതാക്കൾ പരസ്പരം സംസാരിച്ചതിനു ശേഷം, തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആരായിരിക്കുമെന്ന് കാണാൻ ശ്രീജു ലണ്ടനിൽ നിന്ന് ദുബായിലേക്ക് പറന്നു. കഥയുടെ ബാക്കി ഭാഗം മറ്റേതൊരു കഥയെയും പോലെ തന്നെ… എന്നാൽ അതിന്റെതായ പ്രത്യേകതകളുമുണ്ട്; അവർ കണ്ടുമുട്ടുന്നു, പ്രണയത്തിലാകുന്നു, അവരുടെ ജീവിതകാലം മുഴുവൻ ഒരുമിച്ച് ചിലവഴിക്കാൻ തീരുമാനിക്കുന്നു.’’–ലൈറ്റ്സ് ഓൺ ക്രിയേഷൻസ് അവരുടെ പേജിലൂടെ പറയുന്നു.

അവതാരകയായി കരിയർ തുടങ്ങിയ താരമാണ് മീര. ദിലീപിന്റെ നായികയായി മുല്ലയിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മീര മലയാളികളുടെ പ്രിയ നായികയായി. 2008 ലാണ് സിനിമാ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം വാല്‍മീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ല്‍ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ല്‍ കരോട്‍പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി. പുതിയ മുഖം, എല്‍സമ്മ എന്ന ആണ്‍കുട്ടി, അപ്പോത്തിക്കരി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. സിനിമയില്‍ നിന്നും ഇടവേളയെടുത്ത് റേഡിയോ ജോക്കിയായി ജോലി ചെയ്തുവരികയാണ് മീര ഇപ്പോൾ.

2017നുശേഷം ആറുവര്‍ഷത്തോളം മീര നന്ദൻ സിനിമയിൽ അഭിനയിച്ചിരുന്നില്ല. ഈ വർഷം പുറത്തിറങ്ങിയ ‘എന്നാലും ന്റളിയാ’ എന്ന ചിത്രത്തിൽ അതിഥിവേഷത്തിൽ മീര പ്രത്യക്ഷപ്പെട്ടിരുന്നു. കൊച്ചി എളമക്കര സ്വദേശിയാണ്.

More Stories from this section

family-dental
witywide