ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ സംസ്ഥാന കൗണ്‍സില്‍ തിരഞ്ഞെടുത്തു. കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി ഡി രാജയാണ് ബിനോയ് വിശ്വത്തെ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. നിര്‍ദേശം സംസ്ഥാന കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. ചര്‍ച്ച പോലുമില്ലാതെയായിരുന്നു സെക്രട്ടറിയെ നിശ്ചയിച്ചത്.

മരണത്തിനു മുന്‍പ് അവധിയില്‍ പ്രവേശിക്കുന്ന സമയത്ത് തന്റെ പിന്‍ഗാമിയായി കാനം നിര്‍ദ്ദേശിച്ചതും ബിനോയ് വിശ്വത്തെ തന്നെയായിരുന്നു. നിലവില്‍ രാജ്യസഭാംഗം എന്ന നിലയില്‍ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിനോയ് വിശ്വം സെക്രട്ടറി പദവി ഏറ്റെടുത്തതോടെ ഇനി കര്‍മ്മ മണ്ഡലം കേരളത്തിലേക്ക് മാറ്റും. രണ്ട് തവണ എംഎല്‍എയും ഒരു തവണ മന്ത്രിയുമായിരുന്ന ബിനോയ് വിശ്വം ഇതാദ്യമായാണ് പാര്‍ട്ടിയുടെ ഏതെങ്കിലും ഘടകത്തില്‍ സെക്രട്ടറിയാകുന്നത്.

കമ്മ്യൂണിസ്റ്റ് നേതാവ് വൈക്കം വിശ്വനാഥന്റെ മകനായ ബിനോയ് വിശ്വം ലോക യുവജന സംഘടനയുടെ തലപ്പത്തടക്കം പ്രവര്‍ത്തിച്ച് പരിചയസമ്പത്തുള്ള വ്യക്തിയാണ്. വിഎസ് സര്‍ക്കാരിന്റെ കാലത്ത് വനം മന്ത്രിയായിരുന്ന ബിനോയ് വിശ്വമാണ് സൈലന്റ് വാലി ബഫര്‍സോണ്‍ പ്രഖ്യാപിച്ചത്. പരിസ്ഥിതി ആഭിമുഖ്യമുളള നേതാവ് എന്ന നിലയില്‍ ബിനോയ് വിശ്വം ശ്രദ്ധേയനാണ്.

More Stories from this section

family-dental
witywide