
കണ്ണൂർ: വില്ല നിർമിച്ചു നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെതിരെ കേസ്. കൊല്ലൂരിൽ വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞ് 18,70,000 രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. കണ്ണപുരം ചുണ്ട സ്വദേശി സരീഗ് ബാലഗോപാലാണ് പരാതിക്കാരൻ. സരീഗിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശ്രീശാന്തിനെതിരെ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കേസിൽ മൂന്നാം പ്രതിയാണ് ശ്രീശാന്ത്.
2019ൽ ഉഡുപ്പി സ്വദേശികളായ രാജീവ്കുമാർ, വെങ്കിടേഷ് കിനി എന്നിവർ അഞ്ച് സെന്റ് ഭൂമിയും അതിലൊരു വില്ലയും നൽകാമെന്നു പറഞ്ഞാണു പണം വാങ്ങിയത്. വില്ല ലഭിക്കാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ, പറഞ്ഞ സ്ഥലത്തു ശ്രീശാന്തിനു ക്രിക്കറ്റ് പ്രോജക്ട് തുടങ്ങുകയാണെന്നായിരുന്നു മറുപടി.
പിന്നീടു ശ്രീശാന്ത് തന്നെ പരാതിക്കാരനെ നേരിട്ടു കണ്ട്, തന്റെ പ്രോജക്ടിന്റെ ഭാഗമായി ഒരു വില്ല നൽകാമെന്നു വാഗ്ദാനം ചെയ്തെന്നും പരാതിയിൽ പറയുന്നു. പിന്നീട് നടപടിയൊന്നുമാകാത്തതിനാൽ, കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിനു ഹർജി നൽകുകയായിരുന്നു.