അറബ് രാജ്യങ്ങളിലെ മന്ത്രിമാർ ചൈനയിൽ ; യുദ്ധം അവസാനിപ്പിക്കാൻ നിർണായക നീക്കങ്ങൾ

ബീജിങ്‌ : ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ അറബ്‌ രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന്‌ ചൈനീസ്‌ വിദേശകാര്യ മന്ത്രി വാങ്‌ യി. രക്ഷാസമിതിയിലെ സ്ഥിരാംഗ രാജ്യങ്ങളിലേക്കുള്ള പര്യടനം ആരംഭിക്കുന്നതിനായി ബീജിങ്ങിലെത്തിയ അറബ്–- ഇസ്ലാമിക രാജ്യങ്ങളെ സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു വാങ്‌യി. സൗദി അറേബ്യ, ഈജിപ്ത്, ജോർദാൻ, പലസ്തീൻ അതോറിറ്റി, ഇന്തോനേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള വിദേശമന്ത്രിമാരാണ് ചൈനയിൽ എത്തിയത് . ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷന്റെ സെക്രട്ടറി ജനറൽ ഹിസ്സൈൻ ഇബ്രാഹിം താഹയും അനുഗമിക്കുന്നുണ്ട്.

ഇസ്രയേൽ – പലസ്തീൻ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന്‌ വാങ്‌ യി പറഞ്ഞു. ഈ ദുരന്തം പടരാതിരിക്കാൻ ഫലപ്രദമായ നടപടികൾ വേണം. ചൈന നീതിയോടൊപ്പം ഉറച്ചുനിൽക്കുന്നു എന്നും- ചർച്ചകൾക്ക് മുന്നോടിയായി വാങ് യി പറഞ്ഞു.

വെടിനിർത്തലിന് പ്രേരിപ്പിക്കുക, ഗാസയിലെയും അധിനിവേശ വെസ്റ്റ് ബാങ്കിലെയും നിയമ ലംഘനങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും ഉത്തരവാദിത്വം ഇസ്രയേലിനെ ഏറ്റെടുപ്പിക്കുക എന്നിവയാണ്‌ അറബ് രാജ്യങ്ങളുടെ പര്യടനത്തിന്റെ ലക്ഷ്യം.

അതിനിടെ ചൈനീസ്‌ പ്രസിഡന്റ്‌ ഷീജിൻപിങ്ങും ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവേൽ മക്രോയും ഫോൺ സംഭാഷണം നടത്തി. ഗാസയിൽ കൂടുതൽ ഗുരുതരമായ മാനുഷിക പ്രതിസന്ധി ഒഴിവാക്കണമെന്നും ഇരുരാജ്യങ്ങളും ചർച്ച ചെയ്‌തു.

അതേസമയം ഖത്തറിന്റെ നേതൃത്വത്തിലുള്ള മധ്യസ്‌ത ശ്രമങ്ങൾ പുരോഗമിക്കുകയാണ്‌. ഹമാസ്‌ ബന്ദിയാക്കിയവരെ വിട്ടയക്കാൻ ചെറിയ തടസങ്ങൾമാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന്‌ വിദേശമന്ത്രി ഷേഖ്‌ മൊഹമ്മദ്‌ പറഞ്ഞു. യൂറോപ്യൻ യൂണിയന്റെ വിദേശനയ മേധാവി ജോസെപ് ബോറെലുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം. ഞായറാഴ്‌ച റഷ്യയുടെയും ഇറാന്റെയും വിദേശ മന്ത്രിമാർ ചർച്ച നടത്തി.

China Welcomes Arab Foreign Ministers for talks on ending the war in Gaza

More Stories from this section

family-dental
witywide