ഷിക്കാഗോ നഗരത്തിന്റെ സാമ്പത്തിക പ്രതിസന്ധി: മേയർ ബ്രാൻഡൻ ജോൺസൻ ഭരണകൂടത്തിന്റെ ധനകാര്യ ഇടപാടുകൾ സ്വതന്ത്ര പരിശോധനയ്ക്ക്

അനിൽ മറ്റത്തിക്കുന്നേൽ

ഷിക്കാഗോ: ഷിക്കാഗോ നഗരത്തിന്റെ സാമ്പത്തിക സ്ഥിതിയും മേയർ ബ്രാൻഡൻ ജോൺസന്റെ ഭരണകൂടം അവതരിപ്പിച്ച ബജറ്റ് കണക്കുകളുടെ വിശ്വാസ്യതയും സംബന്ധിച്ച ആശങ്കകൾ ശക്തമാകുന്നതിനിടെ, നഗരത്തിന്റെ ധനകാര്യ സ്ഥിതി സ്വതന്ത്രമായി പരിശോധിക്കാൻ ഷിക്കാഗോ സിറ്റി കൗൺസിൻ്റെ നീക്കം.

നവംബർ 18ന് ചേർന്ന സിറ്റി കൗൺസിൽ യോഗത്തിൽ 45 അംഗങ്ങൾ അനുകൂലിച്ചും
അഞ്ചുപേർ എതിർത്തും പ്രമേയം പാസാക്കി. നഗരത്തിന്റെ സാമ്പത്തിക സ്ഥിതി
വിലയിരുത്താൻ ഭരണകൂടത്തിന് പുറത്തുള്ള സ്വതന്ത്ര സാമ്പത്തിക വിദഗ്ധരുടെ
സേവനം ഉപയോഗിക്കാനാണ് തീരുമാനം. നഗരത്തിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ രാജിവെച്ചതിനു പിന്നാലെയാണ് ഈ നിർണായക നീക്കം. നഗരത്തിന്റെ വരുമാനം, ചെലവുകൾ, ബജറ്റ് കമ്മി, സാമ്പത്തിക ബാധ്യതകൾ എന്നിവ സംബന്ധിച്ച കണക്കുകൾ കൂടുതൽ സുതാര്യമായി പരിശോധിക്കണമെന്ന ആവശ്യം സിറ്റി കൗൺസിൽ അംഗങ്ങൾക്കിടയിൽ ശക്തമായിരുന്നു.

പെൻഷൻ ബാധ്യതകൾ, ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും, പൊതുസുരക്ഷാ ചെലവുകൾ, കടബാധ്യതകൾ, നഗരസേവനങ്ങളുടെ നടത്തിപ്പ് എന്നിവ നഗരബജറ്റിന് വർഷങ്ങളായി വലിയ സമ്മർദമാണ് സൃഷ്ടിക്കുന്നത്. ഇതിനിടെ ഭരണകൂടം അവതരിപ്പിക്കുന്ന സാമ്പത്തിക കണക്കുകളും യഥാർത്ഥ ധനസ്ഥിതിയും തമ്മിൽ പൊരുത്തക്കേടുകളുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

സ്വതന്ത്ര പരിശോധനയിലൂടെ നഗരത്തിന്റെ യഥാർത്ഥ സാമ്പത്തിക ബാധ്യതകൾ
എന്തൊക്കെയാണെന്നും നിലവിലുള്ള വരുമാനസ്രോതസ്സുകൾ ഭാവിയിലെ ചെലവുകൾ നേരിടാൻ പര്യാപ്തമാണോയെന്നും വിലയിരുത്താനാണ് കൗൺസിലിന്റെ നീക്കം.

പ്രധാനമായ തർക്കം 2027ലെ നഗരബജറ്റിലെ 882 മില്യൺ ഡോളറിന്റെ കമ്മി എങ്ങനെ
പരിഹരിക്കുമെന്നതാണ്. മേയർ ജോൺസന്റെ ഭരണകൂടം അവതരിപ്പിച്ച കണക്കുകൾ പ്രകാരം കമ്മി പരിഹരിക്കുന്നതിനുള്ള നടപടികളിൽ 76 ശതമാനവും ദീർഘകാലാടിസ്ഥാനത്തിൽ നിലനിൽക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങളാണ്. എന്നാൽ രാജിവെച്ച ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആഷ്‌ലി ഗബ്രിഷ് ഈ അനുപാതം 56 ശതമാനം മാത്രമാണെന്ന് സിറ്റി കൗൺസിലിൽ വ്യക്തമാക്കിയിരുന്നു.

പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റദൂഷ്യവുമായി ബന്ധപ്പെട്ട കേസുകളിലെ
നഷ്ടപരിഹാരത്തിനായി 481 മില്യൺ ഡോളർ കടമെടുക്കാനുള്ള നിർദേശം കണക്കുകളെ ബാധിക്കുന്നുവെന്നായിരുന്നു അവരുടെ വിശദീകരണം. ബജറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ അവതരിപ്പിക്കുന്നതിലെ അഭിപ്രായവ്യത്യാസമാണ് രാജിയിലേക്ക് നയിച്ചതെന്ന് അവർ വ്യക്തമാക്കി.

ഈ പശ്ചാത്തലത്തിലാണ് ഫിനാൻസ് കമ്മിറ്റി അധ്യക്ഷ പാറ്റ് ഡോവലിന് സ്വതന്ത്ര വിദഗ്ധ സ്ഥാപനത്തെ നിയോഗിക്കാനുള്ള അധികാരം നൽകിയത്. കഴിഞ്ഞ മൂന്നുവർഷത്തെ സാമ്പത്തിക രേഖകളും ഇമെയിലുകളും ബജറ്റ് അവതരണങ്ങളും
പരിശോധിച്ച് നഗരത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് തെറ്റായതോ
തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ നൽകിയിട്ടുണ്ടോ എന്ന്
കണ്ടെത്തുകയാണ് ലക്ഷ്യം.

അതേസമയം, സ്വതന്ത്ര പരിശോധനയെ സ്വാഗതം ചെയ്യുന്നതായി മേയർ ബ്രാൻഡൻ ജോൺസൺ അറിയിച്ചു. ഭരണകൂടം സാമ്പത്തിക വിവരങ്ങൾ മറച്ചുവെച്ചിട്ടില്ലെന്നും
കണക്കുകളിലെ വ്യത്യാസം സാങ്കേതികമായ പൊരുത്തക്കേടാണെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

സ്വതന്ത്ര പരിശോധനയ്ക്കായി പൊതുപണം ചെലവഴിക്കുന്നത് അനാവശ്യമാണെന്ന്
മേയറെ പിന്തുണയ്ക്കുന്ന ചില കൗൺസിൽ അംഗങ്ങളും വാദിക്കുന്നു. ഇതിനിടെ അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ Standard & Poor’s ഷിക്കാഗോ നഗരത്തെ ക്രെഡിറ്റ് വാച്ചിൽ ഉൾപ്പെടുത്തിയതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. നഗരത്തിന്റെ ക്രെഡിറ്റ് റേറ്റിങ് താഴ്ന്നാൽ ഭാവിയിൽ കടമെടുക്കുന്നതിനുള്ള പലിശച്ചെലവ് ഉയരാൻ സാധ്യതയുണ്ട്.

2027ലെ ബജറ്റ് ഡിസംബർ 29നകം അംഗീകരിക്കേണ്ട സാഹചര്യത്തിൽ സ്വതന്ത്ര
പരിശോധനയുടെ കണ്ടെത്തലുകൾ നഗരത്തിന്റെ സാമ്പത്തിക നയങ്ങളിലും രാഷ്ട്രീയ സാഹചര്യങ്ങളിലും നിർണായക സ്വാധീനം ചെലുത്തിയേക്കും.

ഷിക്കാഗോയിലെ നികുതിദായകരുടെ പണം എങ്ങനെ വിനിയോഗിക്കപ്പെടുന്നു,
നഗരത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി എന്താണ്, പൊതുജനങ്ങൾക്ക് നൽകിയ
കണക്കുകൾ എത്രത്തോളം വിശ്വസനീയമാണ് എന്നീ ചോദ്യങ്ങൾക്കാണ് ഇനി ഉത്തരം
ലഭിക്കേണ്ടത്.

Chicago’s Financial Crisis: Mayor Brandon Johnson’s Administration’s Financial Dealings Face Independent Review

More Stories from this section

family-dental
witywide