മാസപ്പടിയില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി,മകളെ പരാമര്‍ശിച്ചത് സംരംഭക എന്നുമാത്രം

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ തായക്കണ്ടി അവരുടെ എക്സാ ലോജിക് കമ്പനി എന്നിവ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി. നിയമസഭയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ആരോപണത്തിന് മറുപടിയുമായാണ് മുഖ്യമന്ത്രി ഈ വിഷയം പരാമര്‍ശിച്ചത്. എന്നാല്‍ മകളുടെ പേരോ മകളെന്നോ പറയാതെ സംരംഭക എന്നു മാത്രമാണ് മുഖ്യമന്തി വീണയെ പരാമര്‍ശിച്ചത്.

‘ഒരു സംരംഭക നടത്തുന്ന കമ്പനി മറഅറൊരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട് , ദായനികുതി അടച്ച് നികുതി റിട്ടേണില്‍ വെളിപ്പെടുത്തി പ്രതിഫലം കൈപ്പറ്റുന്നത് മാസപ്പടിയാണ് എന്നു പറയുന്നത് പ്രത്യേക മനോനിലയുടെ പ്രതിഫലനമാണ്. രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കള്‍ക്ക് ബിസിനസ് നടത്താനോ കരാറില്‍ ഏര്‍പ്പെടാനോ പാടില്ലെന്ന നിയമമുണ്ടോ? സേവനം ലഭ്യമാക്കിയില്ല എന്ന് സിഎംആര്‍എല്ലിനു പരാതിയില്ല. രാഷ്ട്രീയ മുതലെടുപ്പ് നടത്താനായി പൊതു രംഗത്തില്ലാത്ത സംരംഭകയുടെ പേര് വലിച്ചിഴച്ച് തുടരെ നടത്തുന്ന അപവാദ പ്രചാരണങ്ങളുടെ ആവര്‍ത്തനമാണ് സഭയില്‍ ഉന്നയിച്ച ആരോപണം’ – മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞമാസം ഇതേ ആരോപണം മാത്യു ഉന്നയിച്ചെങ്കിലും ഭരണപക്ഷത്തിന്റെ ആവശ്യപ്രകാരം ഇത് സഭാരേഖകളില്‍നിന്ന് നീക്കംചെയ്യുകയായിരുന്നു.