
തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ കാര്യത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആശ വർക്കർമാരുടെ ഓണറേറിയം കേന്ദ്ര സർക്കാർ വർധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാന സർക്കാരും കൂട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. എല്‍ഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആശ വർക്കർമാരുടെ സമരം തീർക്കണമെന്ന് ആർജെഡി യോഗത്തില്‍ ആവശ്യം ഉന്നയിച്ചു. സമരം തീർക്കാൻ ഇടപെടൽ വേണമെന്ന് സിപിഐയും നിലപാടെടുത്തു. ഈ സാഹചര്യത്തിലാണ് പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയത്.
അതേസമയം, ആശ വർക്കർമാർക്ക് പിന്തുണ അറിയിച്ച് യുഡിഎഫ് രംഗത്തെത്തി. നിയമസഭ ബഹിഷ്കരിച്ച് യുഡിഎഫ് എംഎൽഎമാർക്കൊപ്പം നിരാഹാര സമരം നടത്തുന്ന ആശ വർക്കർമാരുടെ സമരപ്പന്തലിലെത്തിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സമരം തീർക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. മന്ത്രിമാർ തുടക്കം മുതൽ സമരത്തെ അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.