ജയില്‍ ജീവനക്കാരെ ആക്രമിച്ച സംഭവം; കൊടി സുനിയെ വിയ്യൂര്‍ ജയിലില്‍ നിന്ന് മാറ്റി

തൃശൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയെ വിയ്യൂര്‍ ജയിലില്‍ നിന്നു തവനൂരിലേക്ക് മാറ്റി. ജയിലില്‍ നടന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് സുനിയെ ജയില്‍ മാറ്റിയത്. കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘം ജയില്‍ ജീവനക്കാരെ ആക്രമിക്കുകയും ജയില്‍ ഓഫീസിലെ ഫര്‍ണീച്ചര്‍ അടക്കം നശിപ്പിക്കുകയും ചെയ്തിരുന്നു. കൊടി സുനി, കാട്ടുണ്ണി രഞ്ജിത്ത്, പൂച്ച സാജു, നിബുരാജ് തുടങ്ങിയവര്‍ ഉള്‍പ്പടെയുള്ള തടവുകാരാണ് ജയില്‍ ജീവനക്കാരെ ആക്രമിച്ചത്.

ആക്രമണത്തില്‍ നാലു ജയില്‍ ജീവനക്കാര്‍ക്ക് പരുക്കേറ്റിരുന്നു. കമ്പിവടി അടക്കമുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം എന്നാണ് വിവരം. കൊടി സുനിയുടെ നേതൃത്വത്തില്‍ തടവുകാര്‍ ജയില്‍ ഓഫീസില്‍ എത്തുകയും അവിടെയുണ്ടായിരുന്ന ഓഫീസര്‍മാരുമായി വാക്കുതര്‍ക്കത്തിലാവുകയും പിന്നാലെ ആക്രമിക്കുകയുമായിരുന്നു. പിന്നീട് ജില്ലാ ജയിലിലെ ഉദ്യോഗസ്ഥര്‍ കൂടി എത്തിയ ശേഷമാണ് സംഘര്‍ഷം അവസാനിപ്പിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. ആക്രമണത്തില്‍ കൊടി സുനി അടക്കം പത്ത് തടവുകാര്‍ക്കെതിരെ കേസെടുത്തിരുന്നു. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇതിനു പിന്നാലെയാണ് കൊടി സുനിയെ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്നു തവനൂരിലേക്ക് മാറ്റിയത്. ഇതിനു പിന്നാലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ നീക്കമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

More Stories from this section

family-dental
witywide