കൽപ്പറ്റ: അയോഗ്യത മാറി എം.പി. സ്ഥാനം തിരിച്ചു കിട്ടിയ ശേഷം ആദ്യമായി രാഹുല്‍ ഗാന്ധി വയനാട്ടില്‍. കോയമ്പത്തൂരില്‍നിന്ന് റോഡുമാര്‍ഗം കല്‍പ്പറ്റയിലെത്തിയ രാഹുലിന് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. എത്ര തവണ അയോഗ്യനാക്കിയാനും വയനാടും താനുമായുള്ള ബന്ധം നാള്‍ക്കുനാള്‍ ശക്തിപ്പെടുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രതിസന്ധി കാലത്ത് ഒരുമിച്ച് നിന്ന കുടുംബമാണ് വയനാട്. നിങ്ങളെനിക്ക് സ്‌നേഹം തന്ന് എന്നെ സംരക്ഷിച്ചു. ഇന്ന് ഞാന്‍ കുടുംബത്തിലേക്ക് മടങ്ങി വന്നിരിക്കുന്നെന്നും രാഹുല്‍ വയനാട്ടിലെ ജനങ്ങളോട് പറഞ്ഞു.
ഇന്ത്യയെന്ന ആശയത്തെ കൊല ചെയ്തവർക്ക് ദേശസ്‌നേഹിയാകാൻ കഴിയില്ലെന്ന് രാഹുൽഗാന്ധി പറഞ്ഞു.
“ഇന്ത്യയെന്ന ആശയത്തെ മണിപ്പൂരിൽ കൊല ചെയ്തു. പ്രധാനമന്ത്രി എന്തുകൊണ്ട് മണിപ്പൂർ സന്ദർശിക്കുന്നില്ല? അക്രമം തടയാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല? മണിപ്പൂരിനെ കുറിച്ച് ലോക്സഭയിൽ പ്രധാനമന്ത്രി പ്രസംഗിച്ചത് രണ്ടുമിനിറ്റ് മാത്രമാണ്. രണ്ടര മണിക്കൂർ പ്രസംഗത്തിൽ രണ്ടു മിനിറ്റ് മാതം. ചിരിച്ചും തമാശകൾ പറഞ്ഞുമായിരുന്നു മോദിയുടെ പ്രസംഗം. ഭരണപക്ഷത്തെ ഭൂരിഭാഗവും ചിരിക്കുകയും പ്രധാനമന്ത്രിയുടെ തമാശകളിൽ ഉല്ലസിക്കുകയും ചെയ്തു. ഭാരതമാതാവിന്റെ ഹത്യയാണ് മണിപ്പൂരിൽ നടന്നത്. അപ്പോൾ എങ്ങനെ ചിരിക്കാനും തമാശ പറയാനും പ്രധാനമന്ത്രിക്ക് കഴിഞ്ഞു? സമ്പൂർണ്ണമായ വിഭജനമാണ് മണിപ്പൂരിൽ കാണുന്നത്.”
രാഷ്ട്രീയ ജീവിതത്തില്‍ മണിപ്പൂര്‍ പോലൊരു ദുരനുഭവം താന്‍ നേരിട്ട് കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പല കലാപബാധിത പ്രദേശങ്ങളിലും ഞാന്‍ പോയിട്ടുണ്ട്. പക്ഷെ മണിപ്പൂരില്‍ കണ്ട ഭീകരത ഒരിടത്തും കണ്ടിട്ടില്ല. എങ്ങും ചോരയാണ് കാണാനായത്. എല്ലായിടത്തും സ്ത്രീകള്‍ക്ക് ബലാത്സംഗം നേരിടേണ്ടി വന്നുവെന്നും രാഹുല്‍ പറഞ്ഞു.