പഴവർഗങ്ങളിലെ മധുരം ശരീരഭാരം കൂട്ടുമോ?

പഴവർഗങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പറയുന്നത്. എന്നാൽ പഴവര്‍ഗങ്ങളിലെ പ്രകൃതിദത്ത മധുരമായ ഫ്രക്ടോസ് അമിതവണ്ണത്തിന് കാരണമാകുന്നു എന്ന് പഠനങ്ങൾ പറയുന്നു. ഫിലോസഫിക്കല്‍ ട്രാന്‍സാക്ഷന്‍സ് ഓഫ് ദി റോയല്‍ സൊസൈറ്റി ബിയില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

ഭക്ഷണം കഴിക്കാതെ ദീര്‍ഘനേരം ഇരുന്നതിന് ശേഷം മധുരം കൂടിയ ആഹാരങ്ങള്‍ കഴിക്കുന്നത് ഫ്രക്ടോസിന്റെ അളവ് കൂടുന്നതിന് കാരണമാകുന്നു. പലപ്പോഴും ഭക്ഷണത്തിലൂടെ ആമാശയത്തിലെത്തുന്ന ഫ്രക്ടോസ് ഉപയോഗിക്കുന്നതിന് പകരം ശരീരം ഫ്രക്ടോസില്‍ നിന്ന് ഊര്‍ജം സംഭരിച്ച് അത് കൊഴുപ്പായി സൂക്ഷിക്കുകയാണ് ചെയ്യുന്നത്.

നാം കഴിക്കുന്ന എല്ലാതരം ഭക്ഷണങ്ങളിലും ഫ്രക്ടോസ് എന്ന പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ ചേര്‍ക്കുമ്പോള്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും അമിതവണ്ണത്തിനും കാരണമാകുന്നു. ഉദാഹരണത്തിന് സാലഡില്‍ ഒരുപാട് എണ്ണ ഒഴിക്കുന്നത്, നിറവയറ്റില്‍ പഴങ്ങള്‍ കഴിക്കുന്നത്, ജൂസുകളില്‍ പഞ്ചസാര അമിതമായി ചേര്‍ക്കുന്നത് എല്ലാം അവയുടെ കലോറിയും കൊഴുപ്പും കൂടുന്നതിന് കാരണമാകുന്നു. അതേസമയം, ഫ്രക്‌റ്റോസ് അടങ്ങിയ പഴവര്‍ഗങ്ങള്‍ മിതമായി കഴിക്കുന്നതില്‍ തെറ്റില്ല.

ഫ്രക്ടോസ് ഉപഭോഗം നിയന്ത്രിക്കുന്നതിനായി, ബെറികള്‍, സിട്രസ് പഴങ്ങള്‍, തണ്ണിമത്തന്‍ തുടങ്ങിയ ഫ്രക്ടോസ് അളവ് കുറഞ്ഞ പഴങ്ങള്‍ തിരഞ്ഞെടുക്കുക. ഇലക്കറികള്‍, വെള്ളരിക്ക, ബെല്‍ പെപ്പര്‍ തുടങ്ങിയ പച്ചക്കറികളും ഇതിന് നല്ലതാണ്. ധാന്യങ്ങള്‍, ലീന്‍ പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തുക. ഹൈ ഫ്രക്ടോസ് കോണ്‍ സിറപ്പ് പരമാവധിയും ഒഴിവാക്കുക, പഞ്ചസാര പാനീയങ്ങള്‍, മധുരപലഹാരങ്ങള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവയുടെ ഉപയോഗവും പരിമിതപ്പെടുത്തുക.