ഫോണ്‍ നമ്പര്‍ ഇല്ലാതെ ഓഡിയോ-വിഡിയോ കോള്‍ നടത്താം; പുത്തൻ ഫീച്ചറുമായി മസ്കിന്റെ എക്സ്

വാഷിങ്ടണ്‍: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഇനി ഫോണ്‍ നമ്പര്‍ പങ്കിടാതെ തന്നെ കോളുകള്‍ ചെയ്യാന്‍ സാധിക്കുന്ന ഫീച്ചറുകള്‍ ഉടന്‍ വരും. ഉപഭോക്താക്കള്‍ക്കായി ഓഡിയോ, വിഡിയോ കോളുകള്‍ എക്‌സില്‍ ഉടന്‍ തന്നെ വരുമെന്ന് കമ്പനി വ്‌ളോഗിലൂടെ അറിയിച്ചു.

‘എക്‌സിലേക്ക് ഓഡിയോ, വിഡിയോ കോളുകള്‍ വരുന്നു. ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ്, മാക് ആന്‍ഡ് പി.സി എന്നിവയിലെല്ലാം ഇത് പ്രവര്‍ത്തിക്കും. ഇതിനായി ഫോണ്‍ നമ്പര്‍ ആവശ്യമില്ല,’ കമ്പനി ട്വീറ്റിലൂടെ അറിയിച്ചു. ഡയറക്ട് മെസേജ് മെനുവിലും പുതിയ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. വീഡിയോ കോള്‍ ഓപ്ഷന്‍ വലത് ഭാഗത്ത് മുകളിലായിട്ടായിരിക്കും ഉണ്ടാകുക. ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും സമാനമായ ഡിസൈന്‍ തന്നെയായിരിക്കും പുതിയ ഡി.എം മെനുവിനും ഉണ്ടാകുക.

ആശയവിനിമയം കൂടുതല്‍ എളുപ്പമാക്കുമെന്നതും ആളുകള്‍ക്ക് പരസ്പരം എളുപ്പത്തില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നതുമാവും പുതിയ ഫീച്ചറെന്ന് കമ്പനി സി.ഇ.ഒ ലിന്‍ഡ യാക്കാരിനോ സി.എന്‍.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എക്‌സിന്റെ ഡിസൈന്‍ എന്‍ജിനീയറായ ആന്‍ഡ്രിയ കോണ്‍വെ വിഡിയോ കോളിന്റെ ഓപ്ഷന്‍ കാണുന്ന പുതിയ ഡി.എം മെനുവിന്റെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. മെസേജ്, ഫോട്ടോസ്, വിഡിയോസ് എന്നിവ അയക്കുന്നതിനുള്ള ഓപ്ഷന്റെ അടുത്തായി മെനുവിന്റെ വലത് വശത്തായാണ് വിഡിയോ കോള്‍ ഓപ്ഷന്‍.

അടുത്തയാഴ്ച തന്നെ ഓഡിയോ, വിഡിയോ കോളിങ് ഓപ്ഷന്‍ ഉപഭോക്തക്കള്‍ക്ക് ലഭ്യമാകുമെന്നാണ് വിവരം. എക്‌സിനെ ഒരു ഏകജാല പ്ലാറ്റ്‌ഫോമാക്കി മാറ്റാന്‍ പദ്ധതിയുള്ളതായി ഇലോണ്‍ മസ്‌ക് നേരത്തെ അറിയിച്ചിരുന്നു. വീഡിയോ കാണാനും, കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ സബ്‌സ്‌ക്രൈബ് ചെയ്യാനും, പെയ്‌മെന്റ് നടത്താനും, പോസ്റ്റുകള്‍ പങ്കുവെക്കാനും സാധിക്കുന്ന ഒന്നാക്കി എക്‌സിനെ മാറ്റാനാണ് പദ്ധതിയെന്ന് ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തിയിരുന്നു.

ഇതിന്റെ ഭാഗമായി ചില പുതിയ ഫീച്ചറുകളും ഇലോണ്‍ മസ്‌ക് അവതരിപ്പിച്ചിരുന്നു. ലിന്‍ക്ഡ്ഇന്‍ സമാനമായ ഹയറിങ് എന്ന പുതിയ ഫീച്ചറും അദ്ദേഹം കൊണ്ടു വന്നിരുന്നു. ജോലി അന്വേഷിക്കുന്നവരെ അതിന് സഹായിക്കുന്നതിനായി സഹായിക്കുന്ന ഫീച്ചറാണിത്.

More Stories from this section

family-dental
witywide