യുഎഇയിൽ ജനിക്കുന്ന പ്രവാസി കുഞ്ഞുങ്ങൾക്കും വിസ നിർബന്ധം

ദുബായ്: യുഎഇയിൽ ജനിക്കുന്ന പ്രവാസി കുഞ്ഞുങ്ങള്‍ക്കും 120 ദിവസത്തിനകം താമസ വിസ എടുക്കണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. ജനന ദിവസം മുതലാണ് 120 ദിവസം കണക്കാക്കുക. നിശ്ചിത തിയതിക്കുള്ളില്‍ വിസയെടുത്തില്ലെങ്കിൽ പിഴ ഈടാക്കും. സ്വകാര്യ, ഫ്രീ സോൺ മേഖലകളിൽ ജോലി ചെയ്യുന്നവർ നവജാത ശിശുക്കളുടെ വിസയ്ക്ക് ഒപ്പം എമിറേറ്റ്സ് ഐഡിക്കും നിർബന്ധമായും അപേക്ഷിക്കണം. 

കുഞ്ഞുങ്ങൾക്ക് വിസ ലഭിക്കാൻ എമിറേറ്റ്സ് ഐഡി കാർഡോ വിസയ്ക്കു ഫീസ് അടച്ച രസീതോ നൽകണം. കുറഞ്ഞത് ആറുമാസ കാലാവധിയെങ്കിലും സാധുതയുള്ള പാസ്പോർട്ട് കുഞ്ഞിനുണ്ടാകണം. സ്പോൺസറുടെ പാസ്പോർട്ടിന്റെ പകർപ്പും സാലറി സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ചേർക്കണം. കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിന് പുറമേ കളർ ഫോട്ടോയും മാതാപിതാക്കളുടെ എമിറേറ്റ്സ് ഐഡിയുടെ പകർപ്പും നല്‍കണം. ഇതിനുപുറമെ, കെട്ടിട വാടക കരാർ, തൊഴിൽ കരാർ, മെഡിക്കൽ ഇൻഷുറൻസ്, മാതാവിന്റെ പാസ്പോർട്ട് എന്നിവയുടെ പകർപ്പുകളും സമർപ്പിക്കണം. 

കുട്ടികൾക്ക് താമസ വിസ ലഭിക്കാൻ 350 ദിർഹമാണ് ഫീസ്. 100 ദിർഹം അപേക്ഷയ്ക്കും, 100 ദിർഹം വീസ ഇഷ്യൂ നിരക്കും, 100 ദിർഹം സ്മാർട് സർവ്വീസുകള്‍ക്കും, 50 ദിർഹം അതോറിറ്റിയുടെ ഇ- സേവനങ്ങൾക്കുമുള്ളതാണ്. അതോറിറ്റിയുടെ www.icp.gov.ae വെബ്സൈറ്റും UAElCP ആപ്പും വഴി വിസ പ്രക്രിയകൾ പൂർത്തിയാക്കാം. അതോറിറ്റിയുടെ അംഗീകൃത ടൈപ്പിങ് ഓഫിസുകൾ വഴിയും ഹാപ്പിനസ് സെന്ററുകളിലൂടെയും വിസയ്ക്കായി അപേക്ഷിക്കാം. 

കുഞ്ഞിന്റെ വിസ പ്രക്രിയകൾ പൂർത്തിയാക്കാൻ വൈകുന്ന പക്ഷം, പിഴയടച്ചതിന് ശേഷമേ തുടർ നടപടികള്‍ ആരംഭിക്കൂ. സമർപ്പിച്ച ഓൺലൈൻ അപേക്ഷകളിൽ അപാകതകളോ അനുബന്ധ രേഖകളുടെ അഭാവമോ ഉണ്ടെങ്കിൽ 30 ദിവസത്തിനകം ക്രമപ്പെടുത്തി സമർപ്പിക്കണം. 30 ദിവസം കഴിഞ്ഞിട്ടും തുടർനടപടികൾ സ്വീകരിച്ചിട്ടില്ലെങ്കിൽ അപേക്ഷ റദ്ദാക്കപ്പെടും.

More Stories from this section

family-dental
witywide