ജി 20: ഡൽഹിയിൽ 15 ദിവസം നിരോധനാജ്ഞ

ന്യൂഡൽഹി: ജി 20 സമ്മേളനത്തിനു മുന്നോടിയായി ന്യൂഡൽഹിയിൽ 15 ദിവസത്തേക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചു. സെപ്റ്റംബർ 12 വരെയാണു നിയന്ത്രണം. സെപ്റ്റംബർ 9,10 ദിവസങ്ങളിലാണു ജി 20 സമ്മേളനം. അതിനു മുൻപുള്ള ദിവസങ്ങളിൽ ഷെർപ മീറ്റിങ്ങും അനുബന്ധ യോഗങ്ങളും നടക്കും.

സെപ്റ്റംബർ 12 വരെ ഡൽഹി നോ ഫ്ലൈ സോൺ ആയിരിക്കും. ഈ ദിവസങ്ങളിൽ ആളില്ലാ വിമാനങ്ങൾ, പാരാഗ്ലൈഡിങ്, മൈക്രോലൈറ്റ് എയർക്രാഫ്റ്റ്, ഹോട്ട് എയർ ബലൂൺ, പാരാ ജംപിങ് തുടങ്ങിയവ നിരോധിച്ചു.

സെപ്റ്റംബർ 8,9,10 തീയതികളിൽ ഡൽഹിയിൽ കടകൾ അടച്ചിടാനും ജീവനക്കാർക്കു ശമ്പളത്തോടു കൂടിയ അവധി നൽകാനും നിർദേശിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ന്യൂഡൽഹി ജില്ല നിയന്ത്രണ മേഖല ആയി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ അംഗീകൃത വാഹനങ്ങൾക്കും അടിയന്തര സേവനങ്ങൾക്കുള്ള വാഹനങ്ങൾക്കും മാത്രമേ നിരത്തിലിറക്കാൻ അനുമതിയുള്ളൂ.