ജി 20 ഉച്ചകോടിക്ക് സമാപനം, അധ്യക്ഷ സ്ഥാനം ഇന്ത്യ ബ്രസീലിന് കൈമാറി

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വംവഹിച്ച പതിനെട്ടാമത് ജി 20 ഉച്ചകോടിക്ക് സമാപനം. അടുത്ത ഉച്ചകോടിയുടെ ആതിഥേയരാകുന്ന ബ്രസീലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 20 ഔദ്യോഗികമായി അധ്യക്ഷപദവി കൈമാറി ഉച്ചകോടി സമാപിച്ചതായി പ്രഖ്യാപിച്ചു. ഉച്ചകോടിയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ നവംബറില്‍ വിര്‍ച്വല്‍ ഉച്ചകോടി സംഘടിപ്പിക്കണമെന്ന് പ്രധാനമന്ത്രി ശുപാര്‍ശ ചെയ്തു. ലോകത്തിന്റെ പുതിയ യാഥാര്‍ഥ്യങ്ങൾ പുതിയ ആഗോളഘടനയില്‍ പ്രതിഫലിക്കേണ്ടതുണ്ടെന്നും യു.എന്‍. ഉള്‍പ്പടെയുള്ള ആഗോള സംഘടനകൾ പരിഷ്‌കരിക്കപ്പെടണമെന്നും മോദി ആഹ്വാനം ചെയ്തു.

ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയെ അഭിനന്ദിക്കുന്നതായും ജി 20 അധ്യക്ഷപദവി കൈമാറുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. വളര്‍ന്നുവരുന്ന സമ്പദ്ഘടനകളെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച വിഷയം ചര്‍ച്ചയാക്കിയ ഇന്ത്യയേയും പ്രധാനമന്ത്രിയേയും അഭിനന്ദിക്കുന്നതായി ലുല ഡ സില്‍വയും അറിയിച്ചു. ഡിസംബര്‍ ഒന്നിനാകും ബ്രസീല്‍ ഔദ്യോഗികമായി അധ്യക്ഷപദവി ഏറ്റെടുക്കുക.

സുസ്ഥിര വികസനത്തിലും ഊര്‍ജ പരിവര്‍ത്തനത്തിലും ഊന്നിക്കൊണ്ട്, പട്ടിണിയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് മുന്‍തൂക്കംനല്‍കുമെന്ന് ലുല ഡ സില്‍വ വ്യക്തമാക്കി. യു.എന്‍. സുരക്ഷ കൗണ്‍സിലില്‍ കൂടുതല്‍ വികസ്വര രാജ്യങ്ങളെ ഉള്‍പ്പെടുത്തണമെന്നും അതുവഴി രാഷ്ട്രീയ ബലം വീണ്ടെടുക്കാനാകുമെന്നും ബ്രസീല്‍ പ്രസിഡന്റ് പറഞ്ഞു. ലോക ബാങ്കിലും അന്താരാഷ്ട്ര നാണയനിധിയിലും കൂടുതല്‍ വികസ്വര രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ലുല ഡ സില്‍വ പറഞ്ഞു.

സമാപന യോഗത്തിന് മുന്നോടിയായി മോദിയ്‌ക്കൊപ്പം രാജ്ഘട്ടിലെത്തിയ നേതാക്കള്‍ മഹാത്മഗാന്ധിയ്ക്ക് ആദരമര്‍പ്പിച്ചിരുന്നു. രാജ്ഘട്ടില്‍ ഒന്നിച്ച് പുഷ്പചക്രമര്‍പ്പിച്ച ശേഷം ഒരു മിനിറ്റ് മൗനമാചരിക്കുകയും ചെയ്തു. ഇതാദ്യമായാണ് ഇത്രയുമധികം ലോകനേതാക്കള്‍ ഒന്നിച്ച് രാജ്ഘട്ടിലെത്തുന്നത്.

More Stories from this section

family-dental
witywide