‘പാക്കിസ്ഥാനിലേക്ക് പോകൂ’; ക്ലാസിൽ ബഹളമുണ്ടാക്കിയ മുസ്ലീം വിദ്യാർഥികളോട് അധ്യാപിക, നടപടിയെടുത്ത് വിദ്യാഭ്യസ വകുപ്പ്

ബെംഗളൂരു: ക്ലാസിൽ ബഹളമുണ്ടാക്കിയ മുസ്ലീം വിദ്യാർഥികളോട് പാക്കിസ്ഥാനിലേക്ക് പോകാൻ പറഞ്ഞ അധ്യാപികയ്ക്കെതിരെ നടപടിയെടുത്ത്  കർണാടക സർക്കാർ . വിദ്യാർഥികളുടെ പരാതിയിൽ അധ്യാപികയെ സ്ഥലം മാറ്റി. കർണാടക ശിവമോഗയിലെ ഒരു സർക്കാർ സ്കൂളിലാണ് സംഭവം.  ഒമ്പത് വർഷത്തിലേറെയായി കന്നഡ പഠിപ്പിക്കുന്ന മഞ്ജുള ദേവി എന്ന അധ്യാപികയെ സ്കൂളിൽ നിന്നും സ്ഥലം മാറ്റി കൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.

അധ്യാപികയ്‌ക്കെതിരെ വിദ്യാർഥികൾ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ക്ലാസ് മുറിയിൽ ബഹളം വെച്ചുവെന്നാരോപിച്ച്  അധ്യാപിക മഞ്ജുള ദേവി വിദ്യാർത്ഥികളെ ശാസിക്കുന്നതിനിടയിലാണ്  മുസ്ലീം വിദ്യാർത്ഥികളോട്  ‘പാക്കിസ്ഥാനിലേക്ക് പോകൂ’ എന്ന് ആക്രോശിച്ചതെന്നാണ് റിപ്പോർട്ട്.

വ്യക്തമായ തെളിവില്ലെങ്കിലും വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ പി നാഗരാജ്  വിശദീകരിച്ചു. മഞ്ജുള ദേവിക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.