ഹവായ് കാട്ടുതീ; മരണം 89 ആയി

മാലായ: യുഎസ് സംസ്ഥാനമായ ഹവായ് ദ്വീപസമൂഹങ്ങളിലെ മൗവിയിലുണ്ടായ കാട്ടുതീയിൽ മരണം 89 ആയി. മരണനിരക്ക് ഇനിയും കൂടുമെന്നാണ് ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയിൽ കഴിഞ്ഞ നൂറു വർഷത്തിനിയെയുണ്ടായ ഏറ്റവും വലിയ കാട്ടുതീ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

കാട്ടുതീയിൽ മരിച്ചവരെ തിരിച്ചറിയുകയും അതിജീവിച്ചവരെ തിരഞ്ഞു കണ്ടെത്തുകയുമാണ് അധികൃതർക്കു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. തീപിടുത്തം നടന്ന് ദിവസങ്ങൾക്ക് ശേഷം, ദുരന്തമേഖലയുടെ മൂന്ന് ശതമാനം മാത്രമാണ് തിരച്ചിൽ നടത്താൻ കഴിഞ്ഞതെന്ന് മൗവി കൗണ്ടി പോലീസ് മേധാവി പറഞ്ഞു.

കേടുപാടുകൾ സംഭവിച്ച വീടുകൾക്കും കെട്ടിടങ്ങൾക്കും ഉള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് തിരയാൻ കൂടുതൽ ഫെഡറൽ എമർജൻസി ജീവനക്കാർ എത്തിയതായി ഹവായ് ഗവർണർ ജോഷ് ഗ്രീൻ പറഞ്ഞു. തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും സഹായകമായി വരും ദിവസങ്ങളിൽ സജീവമായ സൈനിക ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ചരിത്രപ്രാധാന്യമുളള ലഹൈന പട്ടണത്തിൽ തീ അപകടകരമായി പടരുന്നതിനുമുൻപ് അപായ സൈറൺ മുഴക്കുന്നതിനു പകരം അധികൃതർ സമൂഹമാധ്യമ പോസ്റ്റുകളിലൂടെ മാത്രം വിവരങ്ങളും നിർദേശങ്ങളും നൽകിയത് ഭൂരിഭാഗം ജനങ്ങളും അറിഞ്ഞില്ലെന്നാണു വിലയിരുത്തൽ. തീ പടർന്നതോടെ വൈദ്യുതിയും ഇന്റർനെറ്റും മുടങ്ങുകയും ചെയ്തു. ജനങ്ങൾ വിവരം അറിയാൻ വൈകിയത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.

തീപിടുത്തത്തിൽ കത്തിനശിച്ച ലഹൈന പുനർനിർമിക്കാൻ 5.5 ബില്യൺ ഡോളറെങ്കിലും വേണ്ടിവരുമെന്ന് ഫെഡറൽ ഉദ്യോഗസ്ഥർ അറിയിച്ചു.

More Stories from this section

dental-431-x-127
witywide