ഹൂതികൾക്ക് ഡ്രോണും സ്ഫോടകവസ്തുക്കളും നൽകാൻ ശ്രമം; യു.എസ് ഊർജ്ജ വകുപ്പ് എഞ്ചിനീയർ എഫ്.ബി.ഐ വലയിൽ

വാഷിംഗ്ടൺ: ഇറാൻ പിന്തുണയുള്ള ഹൂതി വിമതർക്ക് യുദ്ധ സാമഗ്രികളും സാങ്കേതിക സഹായവും നൽകിയെന്ന കേസിൽ യു.എസ്. ഊർജ്ജ വകുപ്പിലെ മുതിർന്ന ഇലക്ട്രിക്കൽ എഞ്ചിനീയർ അറസ്റ്റിൽ. വാഷിംഗ്ടണിലെ റിച്ച്ലാൻഡ് സ്വദേശിയായ ആഷ്ടൺ ഹമീദ് എല്ലാബൗദി (51) ആണ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) പിടിയിലായത്. യു.എസ് വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള ഗ്രൂപ്പുകൾക്ക് സഹായം നൽകുന്നത് നിരോധിക്കുന്ന കടുത്ത നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

വീട്ടുസാധനങ്ങൾ ഉപയോഗിച്ച് സ്ഫോടകവസ്തുക്കൾ നിർമ്മിക്കാനുള്ള അസറ്റോൺ, സോഡിയം ബൈസൾഫേറ്റ് തുടങ്ങിയ കെമിക്കലുകളും ഡ്രോൺ നിർമ്മാണത്തിനാവശ്യമായ വിവിധ ഭാഗങ്ങളും ഇയാൾ വാങ്ങിയതായി യു.എസ്. നീതിന്യായ വകുപ്പ് വ്യക്തമാക്കി. ഹൂതികളുടെ ആശയവിനിമയ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇയാൾ യെമനിലേക്ക് രഹസ്യമായി യാത്ര ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.

ഹൂതികളുടെ നിയന്ത്രണത്തിലുള്ള തലസ്ഥാനമായ സനായിൽ എത്തി സർക്കാർ തലത്തിലുള്ള ബന്ധങ്ങൾ സ്ഥാപിക്കാനായിരുന്നു എല്ലാബൗദിയുടെ ശ്രമമെങ്കിലും ഇതിന് സാധിച്ചില്ലെന്ന് എഫ്.ബി.ഐ. സത്യവാങ്മൂലത്തിൽ പറയുന്നു. യെമനിൽ നിന്ന് തിരികെ അമേരിക്കയിൽ എത്തിയ ഇയാൾ, ഒമാനിലെ യു.എസ് പ്രതിരോധ ദൗത്യത്തിന്റെ ഭാഗമായാണ് യാത്ര ചെയ്തതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാൽ ഇയാളുടെ അന്താരാഷ്ട്ര യാത്രകളെക്കുറിച്ചോ മിസൈൽ പരിശോധന പരിപാടികളെക്കുറിച്ചോ തങ്ങൾക്ക് അറിവില്ലെന്ന് ഊർജ്ജ വകുപ്പിലെ ഇയാളുടെ മേലധികാരി വ്യക്തമാക്കി.

എഫ്.ബി.ഐ നടത്തിയ രഹസ്യ ഓപ്പറേഷനിലൂടെയാണ് ഇയാൾ വലയിലായത്. ഹൂതി കേണൽ ചമഞ്ഞ് എഫ്.ബി.ഐ ഏജന്റുമാർ ഇയാളുമായി ബന്ധപ്പെടുകയും, ആശയവിനിമയ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഇയാൾ ഇവർക്ക് തന്ത്രപരമായ ഉപദേശങ്ങൾ നൽകുകയും ചെയ്തതോടെയാണ് കുറ്റം സ്ഥിരീകരിച്ചത്.

യെമനിൽ ഹൂതികളും സൗദി പിന്തുണയുള്ള സർക്കാർ സേനയും തമ്മിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് യു.എസ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. “അതീവ ഗുരുതരവും ചിന്തകൾക്കതീതവുമായ കുറ്റകൃത്യമാണിത്,” എന്ന് യു.എസ്. നീതിന്യായ വകുപ്പിന്റെ നാഷണൽ സെക്യൂരിറ്റി ഡിവിഷൻ അസിസ്റ്റന്റ് അറ്റോർണി ജനറൽ ജോൺ ഐസൻബെർഗ് പ്രതികരിച്ചു. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.

Attempt to supply drones and explosives to the Houthis; US Department of Energy engineer arrested by the FBI.

More Stories from this section

family-dental
witywide