
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നു മൂന്ന് മാസത്തെ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാനം രാജേന്ദ്രന്‍ വീണ്ടും അപേക്ഷ നല്‍കി. കേന്ദ്ര കമ്മിറ്റിക്കാണ് ഇത്തവണ അദ്ദേഹം അപേക്ഷ നല്‍കിയിരിക്കുന്നത്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നും മൂന്ന് മസത്തേക്ക് തനിക്ക് പകരം ബിനോയ് വിശ്വത്തിനു ചുമതല നല്‍കണമെന്നുമാണ് കാനം അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കാനത്തിന്റെ അപേക്ഷയില്‍ ഈ മാസം ചേരുന്ന ദേശീയ എക്‌സക്യൂട്ടീവ് കമ്മിറ്റി തീരുമാനം എടുക്കും. പ്രമേഹത്തെ തുടര്‍ന്ന് വലതുകാല്‍പാദം മുറിച്ചുമാറ്റി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി നല്‍കണമെന്ന് കാനം നേരത്തേ പാര്‍ട്ടിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കാനത്തിന് തല്‍ക്കാലം പകരക്കാരനെ നിയോഗിക്കേണ്ടതില്ലെന്നായിരുന്നു സിപിഐ നിര്‍ണായക നേതൃയോഗത്തിന്റെ തീരുമാനം.