
തിരുവനന്തപുരം: കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടരും. കാനത്തിന് തല്‍ക്കാലം പകരക്കാരനെ നിയോഗിക്കേണ്ടതില്ലെന്നാണ് ഇന്നു ചേര്‍ന്ന സിപിഐ നിര്‍ണായക നേതൃയോഗത്തിന്റെ തീരുമാനം. തല്‍ക്കാലം സെക്രട്ടറിക്കു പകരക്കാരന്‍ വേണ്ടെന്നും നേതൃത്വം കൂട്ടായി നയിച്ചാല്‍ മതിയെന്നുമാണ് നിര്‍വാഹക സമിതി തീരുമാനിച്ചത്. രണ്ടു മാസത്തിനു ശേഷം കാനം പ്രവര്‍ത്തന രംഗത്ത് സജീവമാവുമെന്ന പ്രതീക്ഷയാണ് യോഗം പങ്കുവച്ചത്.
പ്രമേഹത്തെ തുടര്‍ന്ന് വലതുകാല്‍പാദം മുറിച്ചുമാറ്റി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി നല്‍കണമെന്ന കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നത്. മൂന്നു മാസത്തെ അവധിക്കായി പാര്‍ട്ടിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് നിര്‍വാഹക സമിതി യോഗത്തില്‍ പകരമാരെന്നു തീരുമാനമുണ്ടാവും എന്നായിരുന്നു സൂചനകള്‍. കാനത്തിന്റെ അവധി അപേക്ഷയില്‍ തീരുമാനം ദേശീയ നേതൃത്വത്തിനു വിടാനാണ് യോഗത്തില്‍ തീരുമാനമായത്.
അനാരോഗ്യത്തെ തുടര്‍ന്ന് മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ടാണ് കാനം പാര്‍ട്ടിക്ക് കത്ത് നല്‍കിയത്. പ്രമേഹത്തെ തുടര്‍ന്ന് വലതുകാല്‍പാദം മുറിച്ചുമാറ്റിയ കാനം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും തുടര്‍ചികിത്സകള്‍ പൂര്‍ത്തിയാക്കാന്‍ സമയം വേണ്ടിവരും. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങളെടുക്കേണ്ട സമയം കൂടി ആയതിനാല്‍ അവധിയില്‍ പോകുന്ന കാനത്തിന് പകരം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ആളുവേണം എന്ന ആവശ്യവും ഉയര്‍ന്നിരുന്നു.