ബിനോയ് വിശ്വത്തെ സെക്രട്ടറിയായി നിയമിച്ചത് കീഴ്വഴക്കം ലംഘിച്ച്; അടിയന്തര ആവശ്യമുണ്ടായിരുന്നില്ലെന്നും കെഇ ഇസ്മയില്‍

പാലക്കാട്: കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ നിയമിച്ചത് കീഴ്വഴക്കം ലംഘിച്ചെന്ന് മുതിര്‍ന്ന നേതാവ് കെഇ ഇസ്മയില്‍. സെക്രട്ടറിയുടെ താത്കാലിക ചുമതലയുടെ അടിയന്തര ആവശ്യമൊന്നുമുണ്ടായിരുന്നില്ലെന്നും രണ്ട് അസിസ്റ്റന്റ് സെക്രട്ടറിമാരും സംസ്ഥാന എക്സിക്യൂട്ടിവും നാഷനല്‍ എക്സിക്യുട്ടിവ് അംഗങ്ങളും ഉള്ളപ്പോള്‍ അത്യാവശ്യകാര്യങ്ങള്‍ അവര്‍ക്കു നിര്‍വഹിക്കാവുന്നതേയുള്ളൂവെന്നും കെഇ ഇസ്മയില്‍ പറഞ്ഞു.

സാധാരണ ഗതിയില്‍ എക്സിക്യൂട്ടിവും സംസ്ഥാന കമ്മിറ്റിയും ചേര്‍ന്നാണ് സെക്രട്ടറിയെ തീരുമാനിക്കുക. ഇന്നും നാളെയും ഭൂവനേശ്വറില്‍ ദേശീയ എക്സിക്യൂട്ടിവ് ചേരുന്നുണ്ട്. 28ന് സംസ്ഥാന കൗണ്‍സില്‍ കൂടുന്നുണ്ട് അവിടെയൊക്കെ ആലോചിച്ചിട്ടു മതിയായിരുന്നു തീരുമാനം എന്ന അഭിപ്രായമുണ്ടെന്നും ഇസ്മയില്‍ പറഞ്ഞു.

അതേസമയം ബിനോയ് വിശ്വത്തിനു ചുമതല നല്‍കിയത് പെട്ടെന്നായിപ്പോയി എന്നത് വലിയ അപരാധമായി കരുതുന്നില്ലെന്നും താത്കാലിക ചുമതല നല്‍കുന്ന കീഴ്വഴക്കം പാര്‍ട്ടിയിലുണ്ടെന്നും ഇസ്മയില്‍ കൂട്ടിച്ചേര്‍ത്തു. എന്തെങ്കിലും അത്യാവശ്യ കാര്യമുണ്ട് എന്നതുകൊണ്ടാണ് നിയമനമെങ്കില്‍ വിരോധമില്ല. കാര്യങ്ങളൊക്കെ മനസ്സിലാക്കാനും പാര്‍ട്ടിയെ ഒന്നിപ്പിച്ചു കൊണ്ടുപോവാനും ബിനോയ് വിശ്വത്തിന് പ്രാപ്തിയുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇസ്മയില്‍ പറഞ്ഞു.

More Stories from this section

family-dental
witywide