തിരുവനന്തപുരം: പട്ടയഭൂമിയിലെ നിയമം ലംഘിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്താന്‍ സര്‍ക്കാരിന് അനുവാദം നല്‍കുന്ന ഭൂപതിവ് ഭേദഗതി കേരളനിയമസഭ പാസാക്കി. നിയമം നിലവില്‍ വരുന്ന ദിവസം വരെയുള്ള അനധികൃത ഭൂ വിനിയോഗം ഇതോടെ നിയമപരമാകും. വിവാദത്തിലായിരുന്ന റിസോര്‍ട്ട് , പാര്‍ട്ടി ഓഫിസ് തുടങ്ങിയവയ്ക്ക് എല്ലാം ഇനി നിയമ പരിരക്ഷ ലഭിക്കും.
1964ലെ ഭൂപതിവ് നിയമത്തിലെ നാലാം വകുപ്പിലാണ് പ്രധാന ഭേദഗതി വരുന്നത്. പട്ടയ ഭൂമിയിലെ ഇതുവരെ നിയമവിരുദ്ധമായിരുന്ന എല്ലാ നിർമാണങ്ങളും ഇതിലൂടെ സാധൂകരിക്കപ്പെടും. നിയമത്തിന്റെ ഭാഗമായുള്ള ചട്ടം രൂപീകരിക്കുന്നതോടെയാണ് സാധുത ലഭിക്കുക.
കൃഷി, വീട് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പതിച്ചുനല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവയൊക്കെ നിയമത്തിന്റെ പരിധിയിലാകും. 1500 സ്ക്വയർ ഫീറ്റിലെ ചെറു നിർമാണങ്ങളും കാർഷികാവശ്യത്തിനായി അനുവദിക്കപ്പെട്ട ഭൂമിയുടെ വക മാറ്റിയുള്ള ഉപയോഗവും ക്രമീകരിക്കും. അപേക്ഷ ഫീസും ക്രമവത്കരിക്കുന്നതിനുള്ള പ്രത്യേക ഫീസും ചട്ടത്തിലുണ്ടാകും.
1960ലെ ഭൂപതിവ് നിയമപ്രകാരം മറ്റ് ജില്ലകളില്‍ ഭൂമി ലഭിച്ചവർക്ക് കിട്ടിയ അവകാശം ഇടുക്കിക്കാർക്ക് ലഭിച്ചിട്ടില്ലെന്നതായിരുന്നു നിയമത്തിനെതിരായ പ്രധാന ആക്ഷേപം. ഇടുക്കിയിലെ വില്ലേജുകളില്‍ പട്ടയ ഭൂമിയില്‍ നടക്കുന്ന അനധികൃത നിർമാണം തടയാൻ സർക്കാർ 2018ല്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരായ ഹർജിയില്‍ ഹൈക്കോടതി ഇത് സംസ്ഥാനത്താകെ വ്യാപകമാക്കി. ഇതോടെ പട്ടയഭൂമിയില്‍ നിർമാണങ്ങള്‍ക്ക് പൂർണമായും വിലക്കുവന്നു. വലിയ പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കുറ്റപ്പെടുത്തലുകളും ഇതോടെ സർക്കാർ പാത്രമായി. പിന്നാലെ മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചു. 1960ലെ ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്തുകയെന്നതായിരുന്നു അതിനൊടുവിലെ തീരുമാനം.
നിയമഭേദഗതിയെ പിന്തുണച്ച പ്രതിപക്ഷം ചട്ടരൂപീകരണം ശ്രദ്ധയോടെ വേണമെന്നും എല്ലാ അധികാരവും ഉദ്യോഗസ്ഥരില്‍ മാത്രം നിക്ഷിപ്തമാക്കരുതെന്നും ആവശ്യപ്പെട്ടു. ഇടുക്കിയിലെ ഭൂമി പ്രശ്നത്തിലേക്ക് മാത്രം കാര്യങ്ങള്‍ ചുരുക്കുന്നു എന്ന ആക്ഷേപമുണ്ടായി. ക്രമപ്പെടുത്തല്‍ നടപടികള്‍ ഉദ്യോഗസ്ഥരുടെ വിവേചമനാകുനനതിലുള്ള ആശങ്ക പ്രതിപക്ഷം മറച്ചുവച്ചില്ല.
ചര്‍ച്ചയ്ക്ക് ഇടെ ഇടുക്കിയില്‍ ഭൂമി കയ്യേറിയെന്ന പരാതി ശരിയല്ലെന്ന് എംഎം മണി പറഞ്ഞു. വാണിജ്യ ആവശ്യങ്ങള്‍ക്കായി ഭൂമി തരം മാറ്റുന്നതില്‍ എന്തു തെറ്റാണ് ഉള്ളതെന്ന് മാത്യു കുഴല്‍നാടന്‍ ചോദിച്ചു. വിഎസിൻറെ മൂന്ന് പൂച്ചകളാണ് ഇടുക്കിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടിത്തി.
ചട്ടങ്ങള്‍ രൂപീകരിക്കുന്നതില്‍ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ നിയമഭേദഗതി ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.