‘വാസ്തു ശരിയല്ല, എപ്പോഴും വഴക്കും ബഹളവും’, നിയമസഭയെ പരോക്ഷമായി സൂചിപ്പിച്ച് ഗൗരി ലക്ഷ്മിഭായ്

തിരുവനന്തപുരം: വാസ്തു ശരിയല്ലാത്തതുകൊണ്ടാണ് കേരളത്തിലെ ഒരു പ്രധാന കെട്ടിടത്തില്‍ എപ്പോഴും വഴക്കും ബഹളവും നടക്കുന്നതെന്ന് കേരള നിയമസഭയെ പരോക്ഷമായി സൂചിപ്പിച്ച് തിരുവിതാംകൂര്‍ രാജകുടുംബാംഗമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായ്. സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലം സംഘടിപ്പിച്ച ‘പൈതൃകോത്സവം 2023’ എന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

വാസ്തു നോക്കാതെ കെട്ടിടം പണിഞ്ഞതുകൊണ്ടാണ് അവിടെ ചേരുന്ന എല്ലാ യോഗങ്ങളിലും വഴക്ക് നടക്കുന്നതെന്നും ഗൗരി ലക്ഷ്മിഭായ് പറഞ്ഞു. ‘വാസ്തുവിനെപ്പറ്റി മോശമായി പറയുന്ന പല ആളുകളുമുണ്ട്, അത് അവരുടെ ഇഷ്ടം. പക്ഷേ കേരളത്തില്‍ തന്നെയുള്ള ഒരു സ്ഥാപനം ഉണ്ട്. ആ സ്ഥാപനം വാസ്തു നോക്കാതെ തെറ്റായി നിര്‍മിച്ചതാണ്. അത് കെട്ടിയപ്പോള്‍ തൊട്ട് ഇന്നേവരെ അവിടെ വഴക്കില്ലാത്ത എന്തെങ്കിലും നടന്നിട്ടുണ്ടോയെന്ന് സംശയമാണ്’ – അവര്‍ പറഞ്ഞു.

കെട്ടിടത്തിന്റെ പേരടക്കം കൂടുതലൊന്നും താന്‍ പറയുന്നില്ലെന്നും താന്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് നാളെ ആരെങ്കിലും എടുത്ത് പത്രത്തില്‍ കൊടുക്കുമെന്നും പിന്നാലെയത് വിവാദമാകുമെന്നും അവര്‍ പറഞ്ഞു. സെമിനാറിന്റെ ഭാഗമായി അനന്തവിലാസം കൊട്ടാരത്തിനടുത്തുള്ള ലെവി ഹാളില്‍ നടന്ന ആര്‍ക്കിടെക്ചറല്‍ സെമിനാര്‍ സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗൗരി ലക്ഷ്മിഭായ്.

More Stories from this section

dental-431-x-127
witywide