
തിരുവനന്തപുരം: അക്കാദമിക് യോഗ്യതാ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന നടപടി ബാങ്കുകള്‍ ആവര്‍ത്തിക്കരുതെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ സ്ഥാപനം തീരുമാനിച്ചാല്‍ അതിനെ അടിസ്ഥാനമാക്കിയാണ് ബാങ്ക് വായ്പ അനുവദിക്കേണ്ടതെന്നും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ റഷീദ് പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ അക്കാദമിക് യോഗ്യതാ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. കേരളാ ഗ്രാമീണ ബാങ്കുമായി ബന്ധപ്പെട്ട പരാതിയിലാണ് കമ്മീഷന്റെ നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട പരാതിയില്‍ കമ്മീഷന്‍ ബാങ്ക് ശാഖാ മാനേജരില്‍ നിന്നും വിശദീകരണം തേടിയിരുന്നു. വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന നടപടി ആവര്‍ത്തിക്കരുതെന്നും അര്‍ഹതയുള്ള കുട്ടികള്‍ക്ക് വൃവസ്ഥകള്‍ക്ക് വിധേയമായി വായ്പ അനുവദിക്കണമെന്നുമുള്ള നിര്‍ദേശത്തോടെയാണ് കമ്മീഷന്‍ പരാതി തീര്‍പ്പാക്കിയത്.