
ന്യൂഡല്‍ഹി : അടുത്തമാസം 22 ന് അയോധ്യയില്‍ നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ നിന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. മമത ബാനര്‍ജിയുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസും ചടങ്ങില്‍ നിന്ന് വിട്ടുനില്‍കുമെന്നാണ് വിവരം.
എന്നാല്‍ ഇതുസംബന്ധിച്ച് ടിഎംസി ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏറ്റവും വലിയ പ്രചാരണ ആയുധമായാണ് രാമക്ഷേത്ര ഉദ്ഘാടനത്തെ കണക്കാക്കുന്നത്. ചടങ്ങിലേക്ക് രാമക്ഷേത്ര ട്രസ്റ്റ് എല്ലാ മുഖ്യമന്ത്രിമാരെയും പ്രതിപക്ഷത്തെ പ്രമുഖരെയും ക്ഷണിച്ചതിന്റെ പിന്നാലെയാണ് ഈ വിവരം പുറത്തുവരുന്നത്.
മുമ്പ് രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. മതവിശ്വാസത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് ചൂണ്ടികാട്ടിയാണ് സീതാറാം യെച്ചൂരി ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചത്. ‘എല്ലാവരേയും ക്ഷണിച്ചിട്ടുണ്ടെന്നും എന്നാല്‍ ശ്രീരാമന്‍ വിളിച്ചവര്‍ മാത്രമേ വരൂ എന്നും പരിഹസിച്ച് സീതാറാം യെച്ചൂരിയ്‌ക്കെതിരെ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി രംഗത്തെത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും 6,000-ത്തിലധികം ആളുകളും ജനുവരി 22ന് പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം.