‘പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകൾ’; സിദ്ദീഖിന് ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടി

സംവിധായകൻ സിദ്ദിഖിന്റെ വിയോഗത്തില്‍ ദുഃഖം പങ്കുവച്ച് നടൻ മമ്മൂട്ടി. ‘വളരെ പ്രിയപ്പെട്ടവരുടെ തുടരേയുള്ള വേർപാടുകൾ…അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ….സ്വന്തം സിദ്ദിക്കിന് ആദരാഞ്ജലി’, ഫെയ്സ്ബുക്ക് പോസ്റ്റില്‍ മമ്മൂട്ടി കുറിച്ചു.

മലയാളത്തിന് മറക്കാനാവാത്ത ഒരുപിടി ഐക്കോണിക് ചിത്രങ്ങള്‍ സമ്മാനിച്ച സിദ്ദീഖിന് ആദരാഞ്ജലി അർപ്പിച്ച് നടന്‍ ദുല്‍ഖർ സല്‍മാനും പ്രതികരിച്ചു. പ്രതിഭാധനനായ ഒരു എഴുത്തുകാരനും സംവിധായകനും അപ്പുറം സൗമ്യനായ, ദയയുള്ള ഒരു മനുഷ്യനായിരുന്നു അദ്ദേഹം. മലയാളിയുടെ ദെെനംദിന സംഭാഷണങ്ങളിലൂടെ അദ്ദേഹം എല്ലാക്കാലത്തും സ്മരിക്കപ്പെടും. നികത്താവാനാത്ത ഈ നഷ്ടത്തില്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്കൊപ്പം പ്രാർഥനയില്‍ പങ്കുചേരുന്നതായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ ദുല്‍ഖർ പറഞ്ഞു.

ചൊവ്വാഴ്ച രാത്രിയാണ് സിദ്ദിഖ് ലോകത്തോട് വിടപറഞ്ഞത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി ഒൻപതോടെയാണ് അന്ത്യം സംഭവിച്ചത്. ന്യുമോണിയയും കരള്‍ രോഗവും മൂലം ഒരു മാസത്തോളം എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇടയ്ക്ക് ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതിനിടെയാണ് തിങ്കളാഴ്ച ഹൃദയാഘാതം ഉണ്ടായി ആരോഗ്യനില ഗുരുതലമാവുകയായിരുന്നു.

കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലും തുടർന്ന് കാക്കനാട് പള്ളിക്കരയിലെ വസതിയിലെയും പൊതുദർശനത്തിന് ശേഷം വൈകിട്ട് ആറിന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സിദ്ദീഖിന്റെ കബറടക്കം.

തിരക്കഥാകൃത്ത്, സംവിധായകന്‍, നടന്‍, നിർമ്മാതാവ് എന്നീ നിലകളില്‍ മലയാള സിനിമയ്ക്ക് വിസ്മരിക്കാനാവാത്ത സംഭാവനകള്‍ നല്‍കിക്കൊണ്ട് 63-ാം വയസിലാണ് സിദ്ദീഖിന്റെ വിയോഗം. സജിതയാണ് ഭാര്യ. മക്കള്‍: സൗമ്യ, സാറ, സുകൂണ്‍. എറണാകുളം പുല്ലേപ്പടിയിൽ സൈനബാസില്‍ ഇസ്മയില്‍ റാവുത്തരുടെയും സൈനബയുടെയും മകനായി 1956-ലാണ് സിദ്ദീഖ് ജനിച്ചത്.