
മാനനഷ്ടക്കേസിലെ പരമാവധി ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെ രാഹുല്‍ ഗാന്ധി എത്തിയത് ദില്ലിയിലുണ്ടായിരുന്ന ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെ കാണാന്‍. മകള്‍ മിസ ഭാരതിയുടെ ദില്ലിയിലെ വസതിയിലായിരുന്നു ലാലു പ്രസാദ് യാദവ്. ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവും ദില്ലിയില്‍ ഉണ്ടായിരുന്നു.
രാഹുല്‍ ഗാന്ധിയെ ആലിംഗനം ചെയ്ത ശേഷം സ്വീകരണ മുറിയിലേക്ക് ലാലു കൈപിടിച്ച് കൊണ്ടുപോയി. കുറച്ചുനേരം രാഷ്ട്രീയ ചര്‍ച്ചകള്‍. പിന്നീടായിരുന്നു അത്താഴ വിരുന്ന്.
ബീഹാറി മട്ടന്‍ കറിയായിരുന്നു രാഹുലിന് വേണ്ടി ലാലു പ്രസാദ് യാദവ് ഒരുക്കിയത്. നാടന്‍ ആട്ടിറച്ചിയും ചമ്പാരന്‍ മസാലയും ചേര്‍ത്തുള്ള ഇറച്ചി കറി തയ്യാറാക്കിയത് ലാലു പ്രസാദ് യാദവ് തന്നെയാണ്. കലങ്ങിമറിയുന്ന ദില്ലി രാഷ്ട്രീയത്തിനിടയില്‍ കരുത്തനായി മാറുന്ന രാഹുലിന് ഊര്‍ജ്ജം പകരാനാണോ ലാലു മട്ടന്‍ കറി വിരുന്ന് നല്‍കിയതെന്നറിയാന്‍ കാത്തിരിക്കാം.
പ്രതിപക്ഷ പാര്‍ടികള്‍ രൂപീകരിച്ച ഇന്ത്യ സഖ്യത്തിന്‍റെ നിര്‍ണായക യോഗം ഈമാസം മഹാരാഷ്ട്രയില്‍ നടക്കാനിരിക്കെയാണ് ലാലു-രാഹുല്‍ കൂടിക്കാഴ്ച. സുപ്രീകോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് സമ്പാദിക്കാനായത് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും വലിയ ആത്മവിശ്വാസമായി.
മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം കൂടുതല്‍ ശക്തമാവുകയാണ്. ഏതാണ്ട് എല്ലാ പ്രതിപക്ഷ പാര്‍ടികളും മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ എല്ലാവരും ഒന്നിച്ച് ഒരു വേദിയിലേക്ക് എത്തുന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. അതിനിടയില്‍ പ്രതിപക്ഷ പാര്‍ടികളുമായി പ്രത്യേകം ചര്‍ച്ച നടത്തുന്ന രാഹുല്‍ നീക്കമാകാം ഒരുപക്ഷെ ലാലുവുമായുള്ള കൂടിക്കാഴ്ച.