സോഷ്യൽ മീഡിയയിൽ പേരിനൊരു പ്രൊഫൈൽ പോലുമില്ലാത്ത താരമായിരുന്നു ഇത്രയും നാൾ നയൻതാര. ഇന്‍സ്റ്റഗ്രാമിലോ, ഫേസ്ബുക്കിലോ, ട്വിറ്ററിലോ ഒന്നും തന്നെ നയന്‍താര ഇല്ലെങ്കിലും, നയന്‍താരയുടെ വിശേഷങ്ങള്‍ എല്ലാം ഭര്‍ത്താവ് വിഘ്‌നേശ് ശിവന്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ അറിയിക്കാറുണ്ട്. ഒരുപാട് ഫാന്‍സ് പേജുകളും നയന്‍താരയുടെ പേരിലുണ്ട്.
ഇപ്പോഴിതാ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം നയന്‍താര ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങിയിരിക്കുന്നു. അതുമൊരു മാസ് എന്‍ട്രി. രണ്ട് മക്കളെയും കൈയ്യിലെടുത്ത്, സൺഗ്ലാസും വച്ച് നടന്നുവരുന്നതാണ് വിഡിയോ ആണ് നയൻസ് തന്റെ ആദ്യ പോസ്റ്റ് ആയി പങ്കുവച്ചിരിക്കുന്നത്. കൂട്ടത്തിൽ അനിരുദ്ധിന്റെ ഒരു മാസ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൂടെ ആയപ്പോള്‍ വേറെ ലെവൽ.
‘നാന്‍ വന്തുട്ടേന്‍ ന്ന് സൊല്ല്’ എന്നാണ് ക്യാപ്ഷന്‍. മക്കളുടെ ഫോട്ടോസ് വിക്കി നിരന്തരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ടെങ്കിലും മുഖം കാണിക്കുന്നത് ഇതാദ്യമാണ്. ഭാര്യയെയും മക്കളെയും ഇന്‍സ്റ്റഗ്രാമിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കമന്റ് ബോക്‌സില്‍ വിക്കിയും എത്തി. സെലിബ്രിറ്റികളടക്കം പലരും വീഡിയോയ്ക്ക് താഴെ കമന്റ് ഇട്ടിട്ടുണ്ട്.
മക്കൾക്കൊപ്പമുള്ള റീലിന് തൊട്ടുപിന്നാലെ എത്തിച്ചേർന്നത് പുതിയ ചിത്രം ‘ജവാൻ’ ട്രെയ്‌ലറാണ്.
പ്രീവ്യൂ റിലീസ് മുതൽ ട്രെയ്‌ലർ കാണാനുള്ള ആരാധകരുടെ ആകാംഷക്ക് വിരാമം ഇട്ടുകൊണ്ടാണ് നയൻതാര ഇന്ന് തന്റെ സോഷ്യൽ മീഡിയയിൽ ആക്ഷൻ പാക്ക്ഡ് ട്രെയ്‌ലർ പങ്കു വെച്ചത്. ആക്ഷൻ, മാസ്സ്, ത്രില്ലിംഗ് രംഗങ്ങളുടെ മികവുറ്റ സംയോജനമാകും ‘ജവാൻ’ എന്ന് ഉറപ്പു നൽകുന്നുണ്ട് ട്രെയ്‌ലർ.
സെപ്റ്റംബർ 7ന് ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യുന്ന ജവാൻറെ അഡ്വാൻസ് ബുക്കിങ് ഈ വെള്ളിയാഴ്ച തുടങ്ങും.