
ന്യൂയോര്‍ക്ക്: ഗ്രാമി പുരസ്‌കാരം നേടിയ അമേരിക്കന്‍ ഹാസ്യനടന്‍ ബോബ് ന്യൂഹാര്‍ട്ട് അന്തരിച്ചു. 94 വയസ്സായിരുന്നു. അസുഖബാധിതനായിരുന്ന അദ്ദേഹം സ്വവസതിയില്‍ വെച്ചാണ് വിടപറഞ്ഞത്.
തന്റെ കാലഘട്ടത്തിലെ മികച്ച ടിവി താരങ്ങളില്‍ ഒരാളും അമേരിക്കന്‍ സ്റ്റാന്‍ഡ്-അപ്പ് പെര്‍ഫോമറുമായിരുന്നു ബോബ് ന്യൂഹാര്‍ട്ട്.
1959ല്‍, തന്റെ ആദ്യ കോമഡി ആല്‍ബമായ ദി ബട്ടണ്‍-ഡൗണ്‍ മൈന്‍ഡ് ഓഫ് ബോബ് ന്യൂഹാര്‍ട്ടിന്റെ പ്രകാശനത്തോടെ, ബില്‍ബോര്‍ഡ് ആല്‍ബം ചാര്‍ട്ടില്‍ ഒന്നാമതെത്തുന്ന ആദ്യത്തെ ഹാസ്യനടനായി അദ്ദേഹം ചരിത്രത്തിലിടം പിടിച്ചു. ഈ വിജയം അദ്ദേഹത്തെ ആല്‍ബം ഓഫ് ദി ഇയര്‍, മികച്ച ന്യൂ ആര്‍ട്ടിസ്റ്റ് എന്നീ രണ്ട് ഗ്രാമി അവാര്‍ഡുകള്‍ നേടുന്നതിന് അര്‍ഹനാക്കി.
1972 മുതല്‍ 1978 വരെ സംപ്രേഷണം ചെയ്ത സിബിഎസ് സിറ്റ്‌കോം ദി ബോബ് ന്യൂഹാര്‍ട്ട് ഷോ, 1982 മുതല്‍ 1990 വരെ സംപ്രേഷണം ചെയ്ത ന്യൂഹാര്‍ട്ട് എന്നിവയിലെ അവിസ്മരണീയമായ വേഷങ്ങളിലൂടെ ആറ് പതിറ്റാണ്ടിലേറെയായി അദ്ദേഹം പ്രശസ്തനായിരുന്നു.
അദ്ദേഹത്തിന്റെ ഭാര്യ ജിന്നി 2023 ഏപ്രിലിലാണ് വിടപറഞ്ഞത്. റോബര്‍ട്ട്, ജെന്നിഫര്‍, തിമോത്തി, കോര്‍ട്ട്നി എന്നിവരുള്‍പ്പെടെ നാല് മക്കളുമുണ്ട്. 1929 സെപ്റ്റംബര്‍ 5 ന് ഇല്ലിനോയിയിലെ ഓക്ക് പാര്‍ക്കിലാണ് ജോര്‍ജ്ജ് റോബര്‍ട്ട് ന്യൂഹാര്‍ട്ട് ജനിച്ചത്. അദ്ദേഹം സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്, കൂടാതെ അക്കൗണ്ടന്റായും ജോലി ചെയ്തിട്ടുണ്ട്.










