
തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടര്‍ന്ന് സിപിഐ സംസ്ഥാന ഘടകത്തിന്റെ പുതിയ സെക്രട്ടറിയെ 28ന് തിരഞ്ഞെടുക്കും. സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ, ആനി രാജ, രാമകൃഷ്ണ പണ്ഡെ എന്നിവര്‍ പങ്കെടുക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സെക്രട്ടറിയെ നിശ്ചയിക്കല്‍ അജണ്ടയാകും. ബിനോയ് വിശ്വമാണ് നിലവില്‍ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നിര്‍വ്വഹിക്കുന്നത്.
സ്ഥിരം സെക്രട്ടറിയെ നിശ്ചിയിച്ച് കേരള ഘടകം ഐക്യത്തോടെ മുന്നോട്ട് പോകണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ താല്‍പര്യം. ബിനോയ് വിശ്വം തന്നെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. എന്നാല്‍ ആരുടെയും പേരുകള്‍ നിര്‍ദ്ദേശിക്കേണ്ടെന്നാണ് ദേശീയ നേതൃത്വത്തിലെ ധാരണ. കാനം രാജേന്ദ്രന്റെ നിര്യാണത്തോടെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് താത്ക്കാലികമായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തത്.
അതേസമയം ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തതില്‍ സിപിഐയിലെ മുതിര്‍ന്ന നേതാവ് കെഇ ഇസ്മയില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇസ്മയിലിന്റെ പരസ്യ പ്രതികരണം പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടെന്ന പ്രതീതി ജനിപ്പിച്ചിട്ടുണ്ട്. സെക്രട്ടറി സ്ഥാനത്തേയ്ക്ക് ബിനോയ് വിശ്വത്തെ ധൃതി പിടിച്ച് നിയമിക്കേണ്ടിയിരുന്നില്ലെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിന്തുടര്‍ച്ചാവകാശമില്ലെന്നുമായിരുന്നു കെ ഇ ഇസ്മായിലിന്റെ പ്രതികരണം.