
ചെന്നൈ :സനാതന ധർമത്തെ കുറിച്ചുള്ള പരാമർശം ബിജെപി വളച്ചൊടിച്ചെന്ന് തമിഴ്‌നാട് യുവജനക്ഷേമ മന്ത്രിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ. സനാതന ധർമത്തെ വിമർശിക്കുക മാത്രമാണ് ചെയ്തത്. തന്റെ വാക്കുകൾ ഹിന്ദു ധര്‍മ്മം പിന്തുടരുന്നവരുടെ വംശഹത്യ പ്രോത്സാഹിപ്പിക്കുന്നുവെന്ന എന്ന വാദം തെറ്റാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു. അതിനുവേണ്ടി ഏതറ്റം വരെയും പോകും.
“ഞാൻ സനാതന ധർമത്തെ വിമർശിക്കുക മാത്രമാണ് ചെയ്തത്. .ഞാൻ വംശഹത്യ ക്ഷണിച്ചുവരുത്തുന്നുവെന്ന് ചിലർ ബാലിശമായി പറയുന്നു, മറ്റു ചിലർ ദ്രാവിഡം നിർത്തലാക്കണമെന്ന് പറയുന്നു. അതിനർഥം ഡിഎംകെക്കാരെ കൊല്ലണമെന്നാണോ? ‘കോൺഗ്രസ് മുക്ത് ഭാരത്’ എന്ന് പ്രധാനമന്ത്രി മോദി പറയുമ്പോൾ അതിനർഥം കോൺഗ്രസുകാരെ കൊല്ലണമെന്നാണോ?” ഉദയനിധി സ്റ്റാലിൻ ചോദിച്ചു
“എന്താണ് സനാതന? സനാതനമെന്നാൽ, എല്ലാം ശാശ്വതമാണ് എന്നാണർഥം. എന്നാൽ ദ്രാവിഡം മാറ്റമാണ് ആവശ്യപ്പെടുന്നത്. എല്ലാവരും തുല്യരായിരിക്കണം.. ബിജെപിക്ക് ഇന്ത്യ സഖ്യത്തെ പേടിയാണ്. അിനാലാണ് ഇല്ലാത്ത വിഷയങ്ങളുണ്ടാക്കുന്നത്. ഒരു കുലം, ഒരു ദൈവം എന്നതാണ് ഡിഎംകെയുടെ നയം, ” ഉദയനിധി പറഞ്ഞു.
സനാതന ധർമം സാമൂഹിക നീതിക്ക് എതിരാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നുമായിരുന്നു ഉദയനിധിയുടെ പ്രസ്താവന. സനാതന ധർമത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി താരതമ്യം ചെയ്തായിരുന്നു പരാമർശം. ഇതാണ് വലിയ രീതിയിലുള്ള വിമർശനത്തിലേക്ക് വഴിവച്ചത്. പരാമർശം വൈറലായതോടെ പലരും ഉദയനിധിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നു. ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് ഉദയനിധിക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്.
അതിനിടെ ഉദയനിധിയെ രൂക്ഷമായി വിമർശിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തുവന്നു. ‘ഇന്ത്യ’ സഖ്യം ഹിന്ദുമതത്തെ എത്രത്തോളം വെറുക്കുന്നുവെന്ന് കാണിക്കുന്നതാണ് പ്രസ്താവനയെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പൈതൃകത്തിനുമേലുള്ള ആക്രമണമാണിത്. സഖ്യത്തിന്റെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെയും പ്രീണനനയത്തിന്റേയും പ്രതിഫലനമാണ് ഉദയനിധിയുടെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.