എങ്ങനെയും ഇന്ത്യയ്ക്ക് പുത്ത് പോകണമെന്നതായിരുന്നു തന്റെ ആഗ്രഹം എന്ന പറഞ്ഞ ഏക്ത എന്ന ഇന്ത്യക്കാരി പെൺകുട്ടിയുടെ വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇതിന്റെ പേരിൽ, നിലവിൽ കാനഡയിലെ വിദ്യാർഥികൂടിയായിരുന്ന ഏക്ത ഏറെ ട്രോളുകളും ഏറ്റുവാങ്ങി. കാനഡയിൽ വെറുതെ നടക്കാമെന്നും, സൂര്യോദയവും അസ്തമനവും കാണാമെന്നും, അതാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമെന്നും ഏക്ത പറഞ്ഞിരുന്നു. ഇപ്പോളിതാ ട്രോളുകൾക്കു പിന്നാലെ പെൺകുട്ടിക്കു ലഭിച്ച ജോലി വാഗ്ദാനമാണ് എല്ലാവരെയും ഞെട്ടിച്ചത്.
ട്രൂകോളർ കമ്പനിയുടെ സിഇഒ അലൻ മമേദിയാണ് ട്വിറ്ററിലൂടെ പെൺകുട്ടിക്ക് ജോലി വാഗ്ദാനം ചെയ്തത്. ”പരിഹസിക്കാനായി പെൺകുട്ടിയുടെ വാക്കുകളെ വളച്ചൊടിക്കുകയാണ്, അത് ശരിയല്ല. നിന്നെ കളിയാക്കുന്ന കോമാളികളെ ശ്രദ്ധിക്കേണ്ട, ഏക്ത,” എന്ന് കുറിച്ച അലൻ, ഏക്ത നല്ല വ്യക്തിയാണെന്നും ജീവിതം ആസ്വദിക്കുകയാണെന്നും കൂട്ടിച്ചേർത്തു. പഠനം പൂർത്തിയാകുമ്പോൾ ട്രൂകോളറിന്റെ ലോകത്ത് എവിടെയുള്ള ഓഫിസിലേക്കും നിങ്ങൾക്കു ജോലിക്കു വരാം എന്നായിരുന്നു അലൻ ട്വീറ്റ് ചെയ്തത്.
കാനഡയിൽ ബയോ ടെക്നോളജി പഠിക്കുന്ന പെൺകുട്ടിയാണ് ഏക്ത. വിഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ നെഗറ്റീവ് കമന്റുകൾ കൂടി. ട്രോളുകളുടെ എണ്ണവും വർധിച്ചു. ഇതിന് പിന്നാലെയാണ് ട്രൂകോളർ സിഇഒയുടെ ട്വീറ്റ് എത്തിയത്.