ഗുസ്‌തി ഫെഡറേഷൻ ഒഫ് ഇന്ത്യയ്ക്ക് സസ്പെൻഷൻ; ഇന്ത്യൻ പതാകയ്ക്ക് കീഴിൽ താരങ്ങൾക്ക് മത്സരിക്കാനാകില്ല

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് യഥാസമയം നടത്താത്തതിനാൽ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്‌ഐ) അംഗത്വം യുണൈറ്റഡ് വേൾഡ് റസ്‌ലിങ് (യുഡബ്ല്യുഡബ്ല്യു) സസ്പെൻഡ് ചെയ്തു. ഇതോടെ, ഇന്ത്യൻ താരങ്ങൾക്ക് ലോകവേദികളിൽ ഇന്ത്യൻ പതാകയ്ക്ക് കീഴിൽ മത്സരിക്കാനാകില്ല. ചാമ്പ്യൻഷിപ്പിൽ സ്വതന്ത്ര അത്‌ലറ്റുകളായി മാത്രമേ ഇന്ത്യൻ താരങ്ങൾക്ക് മത്സരിക്കാനാകൂ.

ഇന്ത്യന്‍ ഗുസ്തി ഫെഡറേഷനില്‍ ഈ വര്‍ഷം തുടക്കത്തില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. എന്നാല്‍ ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണന്‍ സിങ്ങിനെതിരേ ഉയര്‍ന്ന ലൈംഗീക ആരോപണവും ഗുസ്തി താരങ്ങളുടെ പ്രതിഷേധവും തുടര്‍ന്നുള്ള സമങ്ങളും കാരണം തിരഞ്ഞെടുപ്പ് നീണ്ടുപോവുകയായിരുന്നു.

45 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്താനും നിർദേശം നൽകി. എന്നാൽ, അതു പലതവണ വൈകി. തിരഞ്ഞെടുപ്പിനുള്ള 45 ദിവസത്തെ സമയപരിധി പാലിച്ചില്ലെങ്കിൽ അംഗത്വം റദ്ദാക്കിയേക്കാവുന്ന സാധ്യതയെക്കുറിച്ച് മേയിൽ മുന്നറിയിപ്പ് നൽകിയിരുന്നു.