നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ കടുത്ത പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സിപിഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. പാർട്ടി അച്ചടക്കം ലംഘിച്ചും സ്ഥാനാർത്ഥി നിർണ്ണയത്തിന് പിന്നാലെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചും മുന്നോട്ടുപോയ പശ്ചാത്തലത്തിലാണ് നടപടി. യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമെന്ന മുകുന്ദന്റെ പ്രഖ്യാപനം അതീവ ഗൗരവതരമാണെന്ന് സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. സി.സി. മുകുന്ദന് പകരം മുൻ എംഎൽഎ ഗീതാ ഗോപിയെയാണ് പാർട്ടി ഇത്തവണ നാട്ടികയിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്.
ഇരുപത്തിരണ്ടാം വയസ്സിൽ പാർട്ടിയിൽ എത്തിയത് മുതൽ മുകുന്ദനും കുടുംബത്തിനും പാർട്ടി നൽകിയ ആനുകൂല്യങ്ങളും പദവികളും അക്കമിട്ടു നിരത്തിയാണ് സിപിഐ നടപടിയെ ന്യായീകരിക്കുന്നത്. മുകുന്ദന് ജോലിയും പെൻഷനും ഉറപ്പാക്കിയതും അദ്ദേഹം വിരമിക്കുമ്പോൾ 60,000 രൂപ ശമ്പളം ലഭിച്ചിരുന്ന കാര്യവും പാർട്ടി ചൂണ്ടിക്കാട്ടി. കൂടാതെ അദ്ദേഹത്തിനും ഭാര്യയ്ക്കും പഞ്ചായത്ത് ഭരണസമിതികളിലും പാർലമെന്ററി രംഗത്തും നിരവധി അവസരങ്ങൾ നൽകി. വീടുപണിയാൻ പാർട്ടി സഹായം വാഗ്ദാനം ചെയ്തെങ്കിലും മുകുന്ദൻ അത് നിരാകരിക്കുകയായിരുന്നുവെന്നും തിരഞ്ഞെടുപ്പ് സമയത്തെ ലോൺ കുടിശ്ശിക തീർത്തത് പാർട്ടിയാണെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
പാർട്ടി നടപടി പ്രതീക്ഷിച്ചിരുന്നതാണെന്നും ഇതിൽ അത്ഭുതമോ ഭയമോ ഇല്ലെന്നും സി.സി. മുകുന്ദൻ പ്രതികരിച്ചു. തന്നെ ദ്രോഹിച്ചവരെക്കുറിച്ച് വരും ദിവസങ്ങളിലും തിരഞ്ഞെടുപ്പ് യോഗങ്ങളിലും ജനങ്ങളോട് തുറന്നുപറയുമെന്നും അദ്ദേഹം വ്യക്തമാക്കി. മുകുന്ദന്റെ വിമത നീക്കം എൽഡിഎഫിന് മണ്ഡലത്തിൽ വെല്ലുവിളിയാകുമോ എന്ന ആശങ്ക നിലനിൽക്കെ, കടുത്ത അച്ചടക്ക നടപടിയുമായി മുന്നോട്ടുപോകാനാണ് സിപിഐ തീരുമാനം.
CPI expels Nattika MLA C.C. Mukundan over anti-party activities















