
ഫിലാഡല്‍ഫിയ: റംസാന്‍ സമാപനത്തോടനുബന്ധിച്ച് നടന്ന ആഘോഷത്തിനിടെ ഫിലാഡല്‍ഫിയയില്‍ വെടിവെപ്പ്. വെസ്റ്റ് ഫിലാഡല്‍ഫിയയിലെ പാര്‍ക്ക്സൈഡ് സെക്ഷനില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റതായും അഞ്ച്‌പേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.

പൊലീസ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ ആയുധധാരിയായ 15 വയസ്സുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ അഞ്ച് പേര്‍ കസ്റ്റഡിയിലുണ്ടെന്ന് ഫിലാഡല്‍ഫിയ പോലീസ് കമ്മീഷണര്‍ കെവിന്‍ ബെഥേല്‍ പറഞ്ഞു. കസ്റ്റഡിയിലുള്ള മറ്റ് നാല് പ്രതികളില്‍ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണുള്ളത്. ഇടതുകൈയിലും കാലിലും വെടിയേറ്റ കൗമാരക്കാരനെ പ്രെസ്ബിറ്റീരിയന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം വെടിവയ്പ്പില്‍ പരിക്കേറ്റവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു.

റംസാന്‍ ആഘോഷത്തിനിടെ എതിരാളികള്‍ തമ്മിലുള്ള വെടിവയ്പാണ് ഉണ്ടായതെന്നും, ഇത് ആഘോഷത്തെ ലക്ഷ്യമാക്കിയുള്ള വെടിവയ്പ്പല്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഏകദേശം 1,000 ആളുകള്‍ അവരുടെ പുണ്യ ഉപവാസ മാസത്തിന്റെ അവസാനം ആഘോഷിക്കാന്‍ പാര്‍ക്കില്‍ ഉണ്ടായിരുന്നുവെന്നും, അക്രമികള്‍ ഏകദേശം 30 പ്രാവശ്യം വെടിവെച്ചെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
‘ഈദ് നമ്മുടെ മുസ്ലീം അയല്‍ക്കാര്‍ക്ക് എപ്പോഴും സന്തോഷത്തിന്റെ സമയമായിരിക്കണം. ഇന്ന് തോക്ക് അക്രമത്തില്‍ ആഘോഷം തകര്‍ന്ന ഫിലാഡല്‍ഫിയ മുസ്ലീം സമൂഹത്തിലെ ഓരോ അംഗത്തിനും ഞാന്‍ ദു:ഖം പങ്കുവയ്ക്കുന്നുവെന്ന്’ പെന്‍സില്‍വാനിയ ഗവര്‍ണര്‍ ജോഷ് ഷാപിറോ എക്‌സില്‍ കുറിച്ചു.
ആഘോഷത്തിനിടെ വെടിയൊച്ച ഉയര്‍ന്നതോടെ, ആളുകള്‍ പാര്‍ക്കിന് സമീപം സ്ഥാപിച്ചിരുന്ന ടെന്റുകളിലേക്കും മരങ്ങള്‍ക്കു പിന്നിലേക്കോടിയും ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മറ്റുചിലരാകട്ടെ അടുത്തുള്ള സ്‌കൂളിലേക്കും മുസ്ലീം പള്ളിയിലേക്കും ഓടി രക്ഷപെടാനും ശ്രമിച്ചു.














