റഷ്യൻ യുദ്ധഭൂമിയിൽ കുടുങ്ങി 20 ഇന്ത്യക്കാർ; തിരിച്ചെത്തിക്കാൻ ചർച്ച നടക്കുന്നെന്ന് കേന്ദ്രം

ന്യൂഡൽഹി: ഉക്രെയ്‌നിനെതിരായ യുദ്ധത്തിൽ ഇന്ത്യക്കാർ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന 20 ഓളം ഇന്ത്യൻ പൗരന്മാർ തിരിച്ചെത്താനുള്ള സഹായം തേടി അധികൃതരെ സമീപിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം.

100 ഇന്ത്യൻ പൗരന്മാരെ റഷ്യൻ സൈന്യം സപ്പോർട്ട് സ്റ്റാഫായി റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും അവരിൽ ഡസൻ കണക്കിന് പേർ ഉക്രെയ്നുമായുള്ള യുദ്ധത്തിൽ പങ്കാളികളാകാൻ നിർബന്ധിതരായെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ട് ഇന്ത്യൻ പൗരന്മാർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

റഷ്യൻ സൈന്യത്തിൽ സപ്പോർട്ട് സ്റ്റാഫായോ സഹായികളായോ പ്രവർത്തിക്കുന്ന 20 ഓളം ഇന്ത്യക്കാർ സഹായത്തിനായി ഇന്ത്യൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പതിവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റഷ്യൻ സൈന്യത്തിനൊപ്പം പ്രവർത്തിക്കുന്നുണ്ടെന്ന് കരുതുന്ന മൊത്തം ഇന്ത്യക്കാരുടെ എണ്ണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

“20-ഓളം ആളുകൾ കുടുങ്ങിക്കിടക്കുന്നുവെന്ന് ഞങ്ങൾക്ക് ധാരണയുണ്ട്. അവരെ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കുന്നതിനായി ഞങ്ങൾ പരമാവധി ശ്രമിക്കുന്നു,” ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. “യുദ്ധമേഖലയിലേക്ക് കടക്കരുതെന്നും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ ചെന്നുപെടരുതെന്നും ഞങ്ങൾ ആളുകളോട് പറഞ്ഞിട്ടുണ്ട്.”

ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഇന്ത്യൻ പക്ഷം ന്യൂ ഡൽഹിയിലും മോസ്‌കോയിലും റഷ്യൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ജയ്സ്വാൾ പറഞ്ഞു. റഷ്യ-ഉക്രെയ്ൻ സംഘർഷത്തെക്കുറിച്ചുള്ള മറ്റൊരു ചോദ്യത്തിന് മറുപടിയായി, ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് എല്ലാവർക്കും അറിയാമെന്നും ഉയർന്ന തലങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ജയ്‌സ്വാൾ പറഞ്ഞു.